‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം; ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം: ഹൈക്കോടതി

single-img
26 June 2019

മമ്മൂട്ടി നായകനായ സിനിമ ‘ഉണ്ട’യുടെ ചിത്രീകരണ സമയത്ത് പരിസ്ഥിതി നാശമുണ്ടാക്കിയതിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി. കാസർകോട് ജില്ലയിലെ കാറുടുക്ക റിസർവ് വന ഭൂമിയില്‍ ചിത്രീകരണം മൂലം സംഭവിച്ച പരിസ്ഥിതി നാശത്തിൽ ഉദ്യോഗസ്ഥർക്കും സിനിമാ കമ്പനിക്കുമെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.

ചിത്രീകരണത്തിനായി മണ്ണിട്ട് റോഡുണ്ടാക്കി രൂപമാറ്റം വരുത്തിയ വനഭൂമി പൂർവസ്ഥിതിയില്‍ ആക്കാതിരുന്നാല്‍ കേന്ദ്ര സർക്കാർ തന്നെ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അതിനായി വേണ്ടിവരുന്ന ചെലവ് സിനിമ നിർമാതാക്കളായ മൂവി മിൽ പ്രൊഡക്ഷനിൽ നിന്ന് ഈടാക്കണം.
അതേപോലെ അന്വേഷണവും വനഭൂമി പൂർവസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു.

സിനിമ ചിത്രീകരിക്കാന്‍ വനഭൂമിയിൽ വനേതര പ്രവർത്തനങ്ങൾ നടത്തിയത് അധികൃതർ തടഞ്ഞില്ലെന്നാരോപിച്ച് പെരുമ്പാവൂരിലെ അനിമൽ ലീഗൽ ഫോഴ്സ് ഇന്‍റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് തടയണമെന്ന ആവശ്യം പക്ഷെ കോടതി അനുവദിച്ചില്ല.

ചിത്രീകരണം നടന്ന കാസര്‍കോടെ വനഭൂമിയിൽ അതിനായി അനുമതി നൽകിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു വനം അധികൃതരുടെ വിശദീകരണം. പക്ഷെ പരിസ്ഥിതി നശിപ്പിക്കുന്ന തരത്തിൽ ഇടപെടലുണ്ടായെന്ന് ഹര്‍ജിക്കാരൻ ഹാജരാക്കിയ ചിത്രങ്ങൾ പരിശോധിച്ച കോടതി വ്യക്തമാക്കി.