ഈ ന്യായമൊന്നും ശബരിമല പ്രക്ഷോഭകാലത്ത് കണ്ടിരുന്നില്ല: മകന്‍ ചെയ്യുന്നതിനെല്ലാം താന്‍ ഉത്തരവാദിയല്ലെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ കെ സുരേന്ദ്രൻ

single-img
23 June 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മകന്‍ ചെയ്യുന്നതിനെല്ലാം താന്‍ ഉത്തരവാദിയല്ലെന്ന കോടിയേരിയുടെ പരാമർശത്തെയാണ് സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ ചോദ്യം ചെയ്യുന്നത്.

‘ഈ ന്യായമൊന്നും ശബരിമല പ്രക്ഷോഭകാലത്ത് കണ്ടിരുന്നില്ല. സമരത്തില്‍ പങ്കെടുത്തു ശരണം വിളിച്ചു എന്ന നിസ്സാര കാരണത്തിന് കേസ്സു ചുമത്തപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വീടുകളില്‍ രാവും പകലും കയറിയിറങ്ങി കേരള പൊലീസ് പ്രായം ചെന്ന അമ്മമാരെയും ഗര്‍ഭിണികളെയും നിത്യരോഗികളെയും ക്രൂരമായി പീഡിപ്പിച്ച സമയത്ത് ഈ ന്യായീകരണമൊന്നും ഉണ്ടായില്ലല്ലോ.’- സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാണിക്കുന്നു.

‘കേരളാ പൊലീസ് വിചാരിച്ചാല്‍ ബിനോയ് എവിടുണ്ടെന്ന് കണ്ടെത്താന്‍ വെറും അഞ്ചു മിനിട്ടു മതി. ഒന്നുകില്‍ അറബിക്കേസ്സ് ഒത്തിതീര്‍ത്തതുപോലെ ചോദിച്ച കാശ് വല്ല വ്യവസായിയേയും കൊണ്ട് കൊടുപ്പിച്ച് പരാതിക്കാരിയെക്കൊണ്ട് കേസ്സ് പിന്‍വലിപ്പിക്കുക അല്ലെങ്കില്‍ മകനെ മുംബൈ പൊലീസിനു കീഴടങ്ങാന്‍ വിട്ട് നിയമപരമായി നേരിടുക. സര്‍ക്കാര്‍ ഭൂമിയോ വിലമതിക്കാനാവാത്ത പൈതൃക സമ്പത്തോ ആ വ്യവസായിക്ക് എഴുതിക്കൊടുത്ത് ഉപകാര സ്മരണയും കാണിക്കാന്‍ അങ്ങേക്കാവുമല്ലോ. ‘- സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മകന്‍ ചെയ്യുന്നതിനെല്ലാം അച്ഛന്‍ ഉത്തരവാദിയല്ലെന്ന ന്യായം ഒക്കെ കൊള്ളാം. എന്നാല്‍ ഈ ന്യായമൊന്നും ശബരിമല പ്രക്ഷോഭകാലത്ത് അതും കോടിയേരിക്കും കൂട്ടര്‍ക്കും സ്ത്രീശാക്തീകരണവും നവോത്ഥാനവുമൊക്കെ കൊടുമ്പിരിക്കൊണ്ടിരുന്നപ്പോള്‍ കേരളം കണ്ടിരുന്നില്ല. സമരത്തില്‍ പങ്കെടുത്തു ശരണം വിളിച്ചു എന്ന നിസ്സാര കാരണത്തിന് കേസ്സു ചുമത്തപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വീടുകളില്‍ രാവും പകലും കയറിയിറങ്ങി കേരളാ പോലീസ് പ്രായം ചെന്ന അമ്മമാരേയും എന്തിന് ഗര്‍ഭിണികളേയും നിത്യരോഗികളേയും വരെ ക്രൂരമായി പീഡിപ്പിച്ച സമയത്ത് ഈ ന്യായീകരണമൊന്നും ഉണ്ടായില്ലല്ലോ. ഇവിടെ സ്വന്തം മകനെ പിടിച്ചുകൊടുക്കാന്‍ മുംബൈ പൊലീസ് കേരളാ പൊലീസ്സിനോട് ആവശ്യപ്പെട്ടിട്ട് 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പൊലീസുകാരനും അന്വേഷിച്ച് എങ്ങും ചെല്ലുകയോ ആരെയും ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലല്ലോ. കേരളാ പൊലീസ് വിചാരിച്ചാല്‍ ബിനോയ് എവിടുണ്ടെന്ന് കണ്ടെത്താന്‍ വെറും അഞ്ചു മിനിട്ടു മതി. മിസ്ടര്‍ കോടിയേരി ബാലകൃഷ്ണന്‍, താങ്കളുടെ അധരവ്യായാമം അവസാനിപ്പിച്ച് ഒന്നുകില്‍ അറബിക്കേസ്സ് ഒത്തിതീര്‍ത്തതുപോലെ ചോദിച്ച കാശ് വല്ല വ്യവസായിയേയും കൊണ്ട് കൊടുപ്പിച്ച് പരാതിക്കാരിയെക്കൊണ്ട് കേസ്സ് പിന്‍വലിപ്പിക്കുക അല്ലെങ്കില്‍ മകനെ മുംബൈ പൊലീസിനു കീഴടങ്ങാന്‍ വിട്ട് നിയമപരമായി നേരിടുക. സര്‍ക്കാര്‍ ഭൂമിയോ വിലമതിക്കാനാവാത്ത പൈതൃക സമ്പത്തോ ആ വ്യവസായിക്ക് എഴുതിക്കൊടുത്ത് ഉപകാര സ്മരണയും കാണിക്കാന്‍ അങ്ങേക്കാവുമല്ലോ. പാര്‍ട്ടി പ്‌ളീനം , തെറ്റുതിരുത്തല്‍ രേഖ,സ്വയം വിമര്‍ശനം, കമ്യൂണിസ്റ്റ് ജീവിത ശൈലി എന്നൊക്കെയുള്ള കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊക്കെ പാവപ്പെട്ട അണികളെ പറ്റിക്കാന്‍ ഇനിയും പുറത്തെടുക്കരുതെന്ന് മാത്രം.