പാർലമെന്‍റിൽ പങ്കെടുക്കേണ്ടതിനാൽ മാലേഗാവ് സ്ഫോടനക്കേസില്‍ ഇളവ് വേണമെന്ന് പ്രഗ്യാ സിംഗ് ; ഹര്‍ജി തള്ളി കോടതി

single-img
20 June 2019

മാലേഗാവ് സ്ഫോടനക്കേസിൽ കോടതിയില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഹാജരാകണമെന്ന വ്യവസ്ഥയിൽ നിന്ന് ഇളവ് തേടി മുഖ്യപ്രതികളിലൊരാളായ ഭോപ്പാൽ എംപി പ്രഗ്യാ സിംഗ് ഠാക്കൂർ നൽകിയ ഹർജി പ്രത്യേക എൻഐഎ കോടതി തള്ളി. ആരൂഗ്യമില്ലായ്മ, ദൂരക്കൂടുതല്‍, സുരക്ഷാ പ്രശ്നങ്ങൾ, എല്ലാ ദിവസവും പാർലമെന്‍റിൽ പങ്കെടുക്കേണ്ടതിനാൽ ഇവിടേക്ക് എത്താനുള്ള ബുദ്ധിമുട്ട്, ‘സാധ്വി’ എന്ന നിലയിലുള്ള സ്വന്തം ജീവിതം എന്നിവ ചൂണ്ടിക്കാട്ടിയാണ് ആഴ്ച തോറും ഹാ‍ജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന് പ്രഗ്യ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇന്ന് ഹാജരാകുന്നതിൽ തൽക്കാലം ഇളവ് നൽകണമെന്ന പ്രഗ്യയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ എല്ലാ ദിവസവും ലോക്സഭയിൽ ഹാജരാകണമെന്ന വിപ്പ് ബിജെപി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രഗ്യയുടെ അഭിഭാഷകർ കോടതിയിൽ രേഖകള്‍ ഹാജരാക്കാതെ വാദിച്ചു.

കഴിഞ്ഞ മാസമായിരുന്നു കേസിൽ എല്ലാ പ്രതികളും ആഴ്ചയിലൊരിക്കൽ കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ച് പ്രത്യേക കോടതി ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ കേസിന്‍റെ വിചാരണ തുടങ്ങിയ ശേഷം ഈ മാസം ആദ്യം മാത്രമാണ് പ്രഗ്യാ സിംഗ് ഹാജരായത്.