സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം; മുംബൈ ഇന്ത്യന്‍സ് താരം റാസിഖ് സലാമിന് ബിസിസിയുടെ വിലക്ക്

single-img
20 June 2019

കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ മുംബൈ ഇന്ത്യന്‍സിന്റെ കൗമാരതാരം റാസിഖ് സലാമിന് ബിസിസിഐ രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. റാസിഖ് തന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്നാണ്ബിസിസിഐ കടുത്ത അച്ചടക്ക നടപടിയെടുത്തത്.

കാശ്മീരില്‍ നിന്നുള്ള കളിക്കാരനായ റാസിഖ് ഭാവി ഇന്ത്യന്‍താരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐ നടപടിയെ തുടര്‍ന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ റാസിഖിന് പകരം പ്രഭാത് മൗര്യയെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടില്‍ വെച്ച് ജൂലൈ 21ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ റാസിഖിനെ ഉള്‍പ്പെടുത്തിയിരുന്നു.

ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ പതിനേഴു വയസാണ് റാസിഖിന് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. പക്ഷെ 19 വയസ് കഴിഞ്ഞ താരമാണ് റാസിഖ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ മുംബൈയുടെ ആദ്യ മത്സരത്തില്‍ തന്നെ ആദ്യ ഓവര്‍ എറിഞ്ഞത് റാസിഖ് ആയിരുന്നു. മാത്രമല്ല പര്‍വേസ് റസൂലിനും മന്‍സൂര്‍ ദാറിനും ശേഷം ഐപിഎല്ലിനെത്തുന്ന കാശ്മീരുകാരന്‍ എന്ന നിലയിലും കളിമികവിലും റാസിഖ് ശ്രദ്ധിക്കപ്പെട്ടു.

ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് റാസിഖിനെ സ്വന്തമാക്കിയത്. ഇപ്പോള്‍ വിലക്ക് വന്നതോടെ അടുത്ത രണ്ടു സീസണിലും റാസിഖിന് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ല.