അംബേദ്കറുടെ ചെറുമകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത; റിപ്പബ്ലിക്കന്‍ സേന കോണ്‍ഗ്രസിനെതിരെ പരാതി നല്‍കി

single-img
19 June 2019

ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബിആര്‍ അംബേദ്കറുടെ ചെറുമകന്‍ ആനന്ദ്‌രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത. വാര്‍ത്ത നല്‍കി എന്ന് ആരോപിച്ചുകൊണ്ട്‌ കോണ്‍ഗ്രസിനെതിരെ റിപ്പബ്ലിക്കന്‍ സേന പാര്‍ട്ടി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രചരണവിഭാഗം നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ആനന്ദ്‌രാജ് കോണ്‍ഗ്രസില്‍ ചേരും എന്ന് ഉണ്ടായിരുന്നത്.

വിഷയത്തില്‍ പരാതി നല്‍കി എന്നത് ആനന്ദ്‌രാജ് അംബേദ്കര്‍ ശരിവെച്ചു. കഴിഞ്ഞ മാസം 4ന് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ തെറ്റ് സംഭവിച്ചുവെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു. ബിജെപി, ആം ആദ്മി, പൂര്‍വാഞ്ചല്‍ ഗണപരിഷത്തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും പ്രമുഖ നേതാക്കള്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ ഷീലാ ദീക്ഷിതിന്റെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്നായിരുന്നു വാര്‍ത്താ കുറിപ്പ്. ഇക്കൂട്ടത്തില്‍ ആനന്ദ്‌രാജ് കോണ്‍ഗ്രസില്‍ ചേരുമെന്നും ഉണ്ടായിരുന്നു.