ബാലഭാസ്കറിന്റെ ജീവനെടുത്ത അപകടം പുനഃരാവിഷ്കരിച്ച് അന്വേഷണസംഘം

single-img
19 June 2019

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ റോഡപകടം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം. അപകട സ്ഥലത്ത് ഇന്നോവ വാഹനമോടിച്ചായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ പരിശോധന.

തൃശൂര്‍ ഭാഗത്തുനിന്നും വന്ന ബാലഭാസ്കറിന്റെ ഇന്നോവ കാറിനു പകരം ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള ഇന്നോവ ഓടിച്ചത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് ലാല്‍ ആണ്.
തൃശൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് അതിവേഗത്തില്‍ വന്ന കാര്‍ ഒരു കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് ബാലഭാസ്കറിന്റെ കാറിടിച്ച മരത്തിനു തൊട്ടടുത്ത് ബ്രേക്കിട്ട് നിന്നു. ശേഷം വേഗത കുറച്ച്, സ്റ്റിയറിങിന്റെ സ്ഥാനം മാറ്റാതെ മരത്തില്‍ മുട്ടിച്ചു. മരത്തിലിടിച്ചാല്‍ എത്രത്തോളം നാശനഷ്ടമുണ്ടാകും, അമിതവേഗതയില്‍ വന്നാല്‍ വാഹനം എതിര്‍വശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. വിവിധ രീതികളില്‍ ഈ പരീക്ഷണം നടത്തി.

വാഹനത്തിലെ സീറ്റ് ബെൽറ്റുകൾ ഫോറസിക് പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിനിടെ, അപകട സമയത്ത് ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നല്‍കി. മുൻവശത്ത് ഇടത് സീറ്റിലിരുന്നയാൾ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു. അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്നു വ്യക്തത വരുത്താനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുമാണ് അപകടം പുനരാവിഷ്കരിച്ചത്.