ബിനോയ് കോടിയേരിയ്ക്കെതിരായ കേസ്: വിവാഹ സർട്ടിഫിക്കറ്റ് വ്യാജമെന്ന് നോട്ടറി; രേഖകൾ ഇവാർത്തയ്ക്ക്

single-img
18 June 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയ്ക്കെതിരായ പീഡനക്കേസിൽ പരാതിക്കാരി സമർപ്പിച്ച വിവാഹ സർട്ടിഫിക്കറ്റ് വ്യാജമെന്ന് നോട്ടറി അഭിഭാഷകൻ. പ്രസ്തുത സർട്ടിഫിക്കറ്റിൽ തന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ചിരിക്കുകയാണെന്ന് നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയതിന്റെ രേഖകൾ ഇവാർത്തയ്ക്ക് ലഭിച്ചു.

2015-ൽ ബിനോയ് കോടിയേരി തന്നെ വിവാഹം കഴിച്ചുവെന്നും അതിലൊരു കുട്ടിയുണ്ടെന്നുമാണ് മുംബൈയിൽ താമസക്കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഇത് തെളിയിക്കുന്നതിനായി നോട്ടറി അഭിഭാഷകൻ എസ് ബി മുസ്താരി സാക്ഷ്യപ്പെടുത്തിയതെന്നവകാശപ്പ്ട്ടുകൊണ്ട് ഒരു വിവാഹ സർട്ടിഫിക്കറ്റും യുവതി ഹാജരാക്കിയിട്ടുണ്ട്.


എന്നാൽ യുവതി സമർപ്പിച്ച വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ബിനോയ് കോടിയേരി ആരോപിക്കുന്നത്. ഈ വിവാഹ സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരിക്കുന്ന ഒപ്പും സീലും തന്റേതല്ലെന്നും അത് വ്യാജമാണെന്നും കാണിച്ച് നോട്ടറി അഭിഭാഷകൻ ശങ്കർ റാവു മുസ്താരി ബിനൊയ്യ് കോടിയേരിയ്ക്ക് നൽകിയ സാക്ഷ്യപത്രത്തിന്റെ കോപ്പിയും ഇവാർത്തയ്ക്ക് ലഭിച്ചു. താൻ ഈ വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിട്ടില്ലെന്നും തന്റെ നോട്ടറി രജിസ്റ്ററിൽ ഇത്തരമൊരു വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്നും എസ് ബി മുസ്താരി സാക്ഷ്യപ്പെടുത്തുന്നു.

ഇതോടെ ബിനോയ് കോടിയേരിയ്ക്കെതിരായ പീഡന ആരോപണം കെട്ടിച്ചമച്ചതാകാനുള്ള സാധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടപ്പെടുകയാണ്. താൻ ഇത്തരമൊരു വിവാഹം കഴിച്ചിട്ടില്ലെന്നും യുവതിയുടെ കുട്ടിയുടെ പിതാവ് താനല്ലെന്നുമാണ് ബിനോയ് കോടിയേരിയുടെ വാദം.