കേരളാ കോണ്‍ഗ്രസ് പിളരാന്‍ പിന്നില്‍ നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടി: കോടിയേരി ബാലകൃഷ്ണന്‍

single-img
16 June 2019

കേരളാ കോണ്‍ഗ്രസ് പിളരാനായി പിന്നില്‍ നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണെന്നും കോടിയേരി ആരോപിച്ചു. പിളര്പ്പിലൂടെ കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് പിളര്‍പ്പിന്റെ പിന്നിലെന്നാണ് കോടിയേരി പറയുന്നത്.

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കുകവഴി കോട്ടയത്ത് കോണ്‍ഗ്രസിന് ആധിപത്യമുറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായ പിളര്‍പ്പ് നേരത്തെ പ്രതീക്ഷിച്ചതാണെന്നും രണ്ട് വിഭാഗങ്ങളും നിലവില്‍ യുഡിഎഫിന്റെ ഭാഗമാണെന്നും യുഡിഎഫില്‍ ഈ പിളര്‍പ്പ് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കോടിയേരി ഇന്ന് വൈകിട്ട് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

വിമത യോഗത്തില്‍ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് പിന്നാലെ വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കോട്ടയത്ത് ഇന്ന് നടന്നത് അനധികൃത യോഗമാണെന്നും യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞിരുന്നു.