എ ടി എമ്മിൽ നിന്ന് പണം ലഭിക്കാതിരുന്നപ്പോള്‍ ബാങ്കില്‍ പരാതിയുമായി ചെന്നു; പിന്നാലെ യുവതിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 14000 രൂപ

single-img
15 June 2019

എ ടിഎമ്മിൽ നിന്നും പണം ലഭിക്കാതിരുന്നപ്പോൾ ബാങ്കിൽ പരാതിപ്പെട്ടതിനു പിന്നാലെ യുവതിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 14000 രൂപ. കൊല്ലത്ത് പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഓച്ചിറ ശാഖയിലെ അക്കൗണ്ടിൽനിന്നാണ് 7 അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം 14000 രൂപ മാറ്റിയതായി യുവതിക്ക് സന്ദേശം ലഭിച്ചത്. ചങ്ങൻകുളങ്ങര സ്വദേശിയായ വടക്കേ കുമ്പളത്ത് ബാബുരാജിന്റെ ഭാര്യ ജയന്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത് .

കഴിഞ്ഞ നാലാം തിയതി രാവിലെ 8.15ന് ജയന്തി, ചങ്ങൻകുളങ്ങരയിലുള്ള സൗത്ത് ഇന്ത്യൻ‍ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 5000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. പണം ലഭിച്ചില്ല എങ്കിലും അക്കൗണ്ടിൽനിന്ന് 5000 രൂപ പിൻവലിച്ചതായി ഫോണിൽ സന്ദേശം ലഭിച്ചു. ഈ കാര്യം ചൂണ്ടിക്കാട്ടി പഞ്ചാബ് നാഷനൽ ബാങ്ക് ഓച്ചിറ ശാഖയിൽ പരാതി നൽകി.

പരാതി നല്‍കി രണ്ടു ദിവസത്തിന് ശേഷം ബാങ്കിന്റെ കസ്റ്റമർ കെയർ വിഭാഗത്തിൽനിന്നാണെന്നു പറഞ്ഞ് ഒരു കോൾ വരികയും നഷ്ടമായ 5000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് ചില വെരിഫിക്കേഷൻ നടത്തുകയാണെന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വന്ന കുറെ മെസേജുകളും മൊബൈലിൽ ലഭിച്ചു. അതിന് ശേഷമാണ് 7 അക്കൗണ്ടുകളിലേക്കായി 14000 രൂപ മാറ്റിയതായി അറിയുന്നത്. നിലവില്‍ ഓച്ചിറ പോലീസിനും ബാങ്ക് അധികൃതർക്കും ബാങ്കിങ് ഓംബുഡ്സ്മാനും യുവതി പരാതി നൽകിയിരിക്കുകയാണ് .