ക്ഷേത്രം അശുദ്ധമാക്കി എന്ന് ആരോപണം; ദളിത്‌ യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം തെരുവിലൂടെ നഗ്നനായി നടത്തിച്ചു

single-img
15 June 2019

കര്‍ണാടകയിലെ ചാമരാജ് നഗറിൽ ദളിതനെ മര്‍ദ്ദിച്ചവശനാക്കി നഗ്നനായി നടത്തിച്ചു. ജൂൺ മൂന്നാം തിയതിയാണ് ദലിത് സമുദായാംഗമായ പ്രതാപിനെ നഗ്നനായി നടത്തിച്ചത്. ചാമരാജ് നഗറിലുള്ള ഷൈയാന്ദ്രഹള്ളി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഇയാൾ പ്രവേശിച്ച് ആരാധന നടത്തി അശുദ്ധിയാക്കിയെന്നാരോപിച്ചാണ് പീഡനം നടത്തിയത്. അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ ജൂണ്‍ 11 നാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.

വളരെ ദരിദ്രമായ ചുറ്റുപാടുകളില്‍ വളര്‍ന്ന പ്രതാപ് ഏറെ കഷ്ടപ്പെട്ടാണ് ഡിഗ്രിയെടുത്തത്. ഇപ്പോൾ ഐഎഎസ് പരീക്ഷക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം കഴിഞ്ഞ ദിവസം മാരിമല്ലപ്പ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന യുപിഎസ്‌സി പരീക്ഷക്ക് എത്തിയെങ്കിലും പരീക്ഷ എഴുതാന്‍ അുവദിച്ചിരുന്നില്ല. അവിടെ നിന്നും തിരികെ വന്ന പ്രതാപ് മൈസൂരില്‍ കുറച്ചു സമയം ചെലവഴിച്ച് തന്റെ മോട്ടോര്‍ബൈക്കില്‍ ഗുണ്ടല്‍പേട്ടിലെത്തി.

അന്നത്തെ രാത്രിയില്‍ രാഘവപുരയില്‍ വച്ച് മോഷ്ടാക്കള്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുകയും ബൈക്കുമായി കടന്നുകളയുകയും ചെയ്തു. ഈ സംഭവത്തിൽ ഭയന്ന പ്രതാപ് രാത്രി തൊട്ടടുത്ത ഷാനിമഹാത്മ ക്ഷേത്രത്തില്‍ കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചു. ക്ഷേത്രത്തിലെ പുരോഹിതന്‍ പ്രതാപിനെ തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പക്ഷെ യുവാവ് ദലിതനാണെന്ന് മനസ്സിലാക്കിയ അയാള്‍ പ്രതാപിനെ ഭീഷണിപ്പെടുത്തി.

വിവരം അറിഞ്ഞെത്തിയ ഗ്രാമവാസികള്‍ ക്ഷേത്രമുറ്റത്ത് തടിച്ചുകൂടുകയും പ്രതാപിനെ ചീത്ത വിളിക്കുകയും
തങ്ങളുടെ ക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിക്കുകയും ചെയ്തു. അതിനിടെ ചിലര്‍ അദ്ദേഹത്തെ തെങ്ങില്‍ കെട്ടി മര്‍ദ്ദിച്ചു. യുവാവ് പട്ടികജാതി ലിസ്റ്റില്‍ പെട്ട ഹൊലെയ സമുദായക്കാരനാണ്. പക്ഷെ ഹൊലയ സമുദായക്കാരെ പാഠം പഠിപ്പിക്കാന്‍ ഇതൊരു നല്ല അവസരമാണെന്ന് ക്ഷേത്ര പൂജാരി പ്രഖ്യാപിച്ചതോടെ മര്‍ദ്ദനം രൂക്ഷമായി. കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് സവര്‍ണര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും വിവസ്ത്രനാക്കി തെരുവില്‍ നടത്തുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സംസ്ഥാനത്ത് വലിയ പ്രതിഷേധമുണ്ടായി. തുടക്കത്തിൽ കേസെടുക്കാന്‍ വിസമ്മതിച്ച പോലിസ് ഏതാനും പേര്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇപ്പോൾ യുവാവ് ഒരു ഗുരുതരാവസ്ഥയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.