മേലുദ്യോഗസ്ഥരുടെ ജാതിപീഡനം: കണ്ണൂരിൽ സിവിൽ പൊലീസ് ഓഫീസർ രാജിവെച്ചു

single-img
14 June 2019

കണ്ണൂര്‍: മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത് കണ്ണൂരില്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിക്കത്ത് നല്‍കി. കണ്ണവം സ്വദേശിയായ കെ രതീഷാണ് രാജി നൽകിയത്. 

പീഡനവും ഭീഷണിയും സഹിച്ച് ഇനി തുടരാനാകില്ലെന്ന് രാജിക്ക് പിന്നാലെ സിവില്‍ പൊലീസ് ഓഫീസര്‍ വെളിപ്പെടുത്തി. കുറിച്യ സമുദായാംഗമായ രതീഷിനെതിരെ ജാതി അധിക്ഷേപമുണ്ടായെന്നും പരാതിയുണ്ട്.

എസ്‌ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചത്. തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാല്‍ പോലും തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് ആരോപിച്ചു. ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നല്‍കാന്‍ പോയപ്പോഴും ഭീഷണി തുടര്‍ന്നെന്നും രതീഷ് ആരോപിച്ചു.

പരാതി അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കണ്ണൂർ എസ്പി പ്രതീഷ് കുമാർ ഉത്തരവിട്ടു. അഡീഷണൽ എസ്പിക്കാണ് അന്വേഷണച്ചുമതല.