‘പൂഞ്ഞാര്‍ കോളാമ്പിയുടെ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക’; പിസി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആസിഫ് അലിയോട് ആരാധകര്‍

single-img
13 June 2019

പൂഞ്ഞാര്‍മണ്ഡലത്തിലുള്ള മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്സലേഷ്യ അനുമോദന ചടങ്ങിൽ നടന്‍ ആസിഫ് അലിയോട് പങ്കെടുക്കരുതെന്ന് ഫേസ്ബുക്കില്‍ ആരാധകരുടെ ആവശ്യം. മണ്ഡലത്തിലെ എംഎൽഎ പിസി ജോർജാണ് ചടങ്ങിന്റെ മുഖ്യ സംഘാടകൻ. മുസ്‌ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങൾ എന്ന് പറയുന്ന പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

പ്രസ്തുത പരാമർശത്തിൽ പിസി ജോർജ് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധത്തെ അടങ്ങിയിട്ടില്ല. ‘പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെയാകെ തീവ്രവാദി എന്നു വിളിച്ച ആളാണ് പിസി ദയവായി അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക. എന്നാണു മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. ‘ആസിഫ്, താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’ എന്ന് എഴുതിയവരും ഉണ്ട്.

വിവാദമായ പരാമർശത്തിൽ മാപ്പ് പറഞ്ഞ പിസി ജോർജ് താൻ ജനപ്രതിനിധിയായ കാലം മുതല്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണെന്നും ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നുവെന്നും പറഞ്ഞിരുന്നു