ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായതിന് പിന്നില്‍ അന്യഗ്രഹജീവികളായിരിക്കാം; വാദവുമായി സീ ന്യൂസ് ചാനല്‍

single-img
9 June 2019

നോട്ട് നിരോധന ശേഷം പ്രധാനമന്ത്രി പുതിയ രണ്ടായിരം രൂപ നോട്ട് ഇറക്കുമെന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ ഈ നോട്ടില്‍ നാനോ ചിപ്പുണ്ടെന്ന് പ്രചരിപ്പിച്ച സീ ന്യൂസ് ചാനല്‍ ഇപ്പോള്‍ പുതിയ കണ്ടെത്തലുമായി രംഗതെത്തിയിരിക്കുകയാണ്. പുതിയ 2000 രൂപ നോട്ടുകളില്‍ ഒരു രഹസ്യ നാനോ ചിപ്പുണ്ടെന്നും സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതിലൂടെ 120 മീറ്ററില്‍ നടക്കുന്ന വിവരങ്ങള്‍ നിരീക്ഷിക്കാനാകുമെന്നായിരുന്നു എഡിറ്റര്‍ സുധീര്‍ ചൗധരി പറഞ്ഞിരുന്നത്.

അടുത്തിടെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെ വ്യോമസേനാ വിമാനമായ എഎന്‍-32 കാണാതായതിന് പിന്നില്‍ അന്യഗ്രഹജീവികളാവാം എന്നാണ് ചാനലിന്റെ കണ്ടെത്തല്‍. സീ ന്യൂസിന്റെ ഉപചാനലായ സീ ഹിന്ദുസ്ഥാനിലാണ് അന്യഗ്രഹ ജീവികളാവും ഇതിന് പിന്നിലെന്നുള്ള ചര്‍ച്ച വന്നത്.എട്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 ആളുകളുമായി യാത്ര ചെയ്തിരുന്ന വിമാനം അരുണാചല്‍ പ്രദേശില്‍ വെച്ച് കാണാതാവുകയായിരുന്നു.

വിമാനം കാണാതായ ദിവസം മുതല്‍ വ്യോമസേനയും സുരക്ഷാപ്രവര്‍ത്തകരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാവാത്ത ഘട്ടത്തിലാണ് ചാനലിന്റെ പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ സൈനികരെ കാണാതായിരിക്കുന്ന ഈ സമയത്ത് വന്ന ചാനലിന്റെ കണ്ടെത്തലിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വിമാനത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്.