വൈറസ് സിനിമയിലെ രേവതിയെ കണ്ടപ്പോള്‍ ‘ഇത് താനെപ്പോള്‍ എടുത്ത ഫോട്ടോ’ എന്നാണ് ഓര്‍ത്തതെന്ന് മന്ത്രി കെകെ ശൈലജ

single-img
8 June 2019

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലെ രേവതിയെ കണ്ടപ്പോള്‍ അനിയത്തിയെപ്പോലെ തോന്നിയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ. ചിത്രീകരണം നടക്കുമ്പോൾ ആഷിഖ് രേവതിയുടെ ഫോട്ടോ അയച്ചുതന്നു. പെട്ടന്ന് ആ ഫോട്ടോ കണ്ടപ്പോൾ ‘ഇത് താനെപ്പോള്‍ എടുത്ത ഫോട്ടോ’ എന്നാണ് ഓര്‍ത്തതെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

രേവതിയുടെ ഫോട്ടോയിൽ സൂക്ഷിച്ച് നോക്കുമ്പോഴാണ് വ്യത്യാസം മനസിലാവുന്നത്. ഉടൻ തന്നെ എന്റെ സഹോദരി എന്ന് ആഷിഖിന് മറുപടി അയച്ചെന്നും മന്ത്രി പറഞ്ഞു. ചിത്രീകരണം നടക്കുന്ന സമയം രേവതിയും കാണാനെത്തി. വൈറസ് എന്ന സിനിമയെ ഗൗരവമായാണ് താൻ കാണുന്നതെന്നും ശൈലജ ടീച്ചര്‍ അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിൽ ഭീതി വിതച്ച നിപയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. അതിനാൽ തന്നെ സിനിമയില്‍ സൈന്റിഫിക് വിവരണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന് ആഷിഖ് അബുവിനോട് അഭിപ്രായപ്പെട്ടിരുന്നതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം കേരളത്തിൽ ആദ്യമായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ്പ വൈറസ് രോഗം ബാധിച്ചപ്പോള്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ആയിരുന്നു. ഈ വർഷം രോഗം വീണ്ടും എത്തി നിയന്ത്രണവിധേയം ആകുമ്പോഴും ശൈലജ തന്നെയാണ് ആരോഗ്യമന്ത്രി.