സംഘപരിവാര്‍ ഭീഷണി; കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ സംഘാടകര്‍ റദ്ദാക്കി

single-img
7 June 2019

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഈ മാസം 23ന് നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ സംഘാടകര്‍ റദ്ദാക്കി. പല സ്ഥലങ്ങളില്‍ നിന്നായി 300ഓളം ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ ഫെസ്റ്റിവലില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപി-ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ടവര്‍ ഫെസ്റ്റിവലിന് നേരെ ഭീഷണി മുഴക്കിയെന്ന് സംഘാടകര്‍ നേരത്തെ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തിലെ ഈ ഭീഷണിയെ തുടര്‍ന്ന് സംഘാടകര്‍ ബീപ് ഫെസ്റ്റിവല്‍ എന്ന് ഫെസ്റ്റിവലിന്റെ പേര് മാറ്റുകയുണ്ടായി. തുടര്‍ന്നും ഭീഷണി മുഴക്കിയുള്ള ഫോണ്‍ കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് ഫെസ്റ്റിവല്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ഫെസ്റ്റിവല്‍ നടത്താന്‍ പിന്തുണ അറിയിച്ചും ആളുകള്‍ വിളിച്ചിരുന്നുവെങ്കിലും കൂടുതല്‍ ഭീഷണി കോളുകളായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.

പരിപാടി നടത്തിയാലും സ്ഥിതിഗതികള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുമോയെന്ന ഭയമുള്ളതിനാല്‍ ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കുകയാണെന്ന് പരിപാടിയുടെ സംഘാടകരായ ഇവന്റ് മാനേജ്മെന്റ് കമ്പനി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സമാധാനപരമായി ഫെസ്റ്റിവല്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇപ്പോഴും സാധിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും സംഘാടകര്‍ പറഞ്ഞു.