കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു: ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയത് നാലുപേർ

single-img
5 June 2019

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍കൂടി പിടിയില്‍. പൊലീസിന്‍റെ  ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നാല് പേര്‍ പിടിയിലായത്.

32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തെ തടവും 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.  സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് പരിശോധന.

കേരള പോലീസ് ഇന്റർപോളിന്റേയും, ഐ.സി.എം.ഇ.സി (ഇന്റർനാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ)യുടേയും സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷൻ വഴിയാണ് കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി – ഹണ്ടിന് തുടക്കമിട്ടത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങൾ കണ്ടെത്തിയിരുന്നു.

ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടർ, കുട്ടികളുടെ വീഡിയോ, ചിത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. ഏറെയും മലയാളി കുട്ടികളുടേതാണെന്ന് മനോജ് എബ്രഹാം അറിയിച്ചു. അതിൽ പലതും വിദേശ രാജ്യങ്ങളിൽ നിന്നുള്ളതായതിനാൽ കൂടുതൽ അന്വഷണത്തിന് ഇന്റർപോളിന്റെ സഹായം തേടും.