ഭീഷണി കാരണം നാടുവിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനായിരുന്നു എന്ന് കെ സുധാകരൻ

single-img
5 June 2019

കണ്ണൂര്‍: സിപിഎം പുറത്താക്കിയപ്പോൾ നാടുവിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താൻ വാക്ക് നൽകിയിരുന്നു എന്ന് സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

അബ്ദുള്ളക്കുട്ടിക്ക് മത്സരിക്കാൻ കണ്ണൂർ മണ്ഡലം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വർഷത്തിന് ശേഷമുള്ള അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നെന്നും രണ്ടാം തവണ അവസരം നൽകിയത് ഹൈക്കമാൻഡിന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു എന്നും കെ സുധാകരൻ വെളിപ്പെടുത്തി.

അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടിയെന്ന് സുധാകരൻ പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടി. അബുള്ളക്കുട്ടിക്കെതിരെ വിഎം സുധീരൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ട്. ഏകനായാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിലേക്ക് വന്നത്.

ബിജെപിക്കാർ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

“മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ വഴിയോരത്തെ മാംസ കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി. ബി.ജെ.പി.യില്‍ പോയി നന്നായി വരട്ടെ” – കെ സുധാകരൻ പറഞ്ഞു.