യുഎഇയുടെ ആജീവനാന്ത വിസ: ആദ്യ ഗോൾഡ് കാർഡ് യൂസഫലിയ്ക്ക്

single-img
3 June 2019

യുഎഇയിൽ സ്ഥിര താമസത്തിനുള്ള ആദ്യ ഗോൾഡ് കാർഡ് വിസ പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്നാണ് അദ്ദേഹം ഗോൾഡ് കാർഡ് വിസ പതിച്ച പാസ്പോർട്ട് സ്വീകരിച്ചത്.

ജനറൽ ഡയറക്ടേഴ്സ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രി. സയീദ് അൽ ഷംസിയാണ് യൂസഫലിക്ക് ഗോൾഡ് കാർഡ് നൽകിയത്. 100 ബില്യൻ നിക്ഷേപമുള്ള 6800 നിക്ഷേപകർക്കാണ് ആദ്യ ഘട്ടത്തിൽ ആജീവനാന്ത വീസയായ ഗോൾഡ് കാർഡ് അനുവദിക്കുന്നത്.

തന്റെ ജീ‍വിതത്തിലെ അഭിമാനകരവും വൈകാരികമായ നിമിഷമാണ് ഇതെന്ന് യൂസഫലി യുഎഇ മാധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞു. യുഎഇ കഴിഞ്ഞ 45 വർഷമായി തന്റെ ഭവനമാന്. താൻ എന്തൊക്കെ ആയിട്ടുണ്ടെങ്കിലും അതിനെല്ലാം താൻ ഈ മഹത്തായ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച്, 10 വർഷത്തേയ്ക്കുള്ള ദീർഘകാല വിസയും അടുത്തിടെ യുഎഇ ആരംഭിക്കുകയും ഇന്ത്യൻ വ്യവസായികളായ വാസു ഷ്റോഫ്, ഖുഷി ഖത് വാനി, റിസ്‌വാൻ സാജൻ, ഡോ.ആസാദ് മൂപ്പൻ എന്നിവർ സ്വന്തമാക്കുകയും ചെയ്തിരുന്നു. 200ലേറെ രാജ്യക്കാരാണ് യുഎഇയിലുള്ളത്. വിദേശ നിക്ഷേപങ്ങൾ രാജ്യത്തേയ്ക്ക് കൂടുതൽ ആകർഷിക്കുന്നതിനായാണ് യുഎഇ സർക്കാർ ദീർഘകാല, ഗോൾഡ് കാർഡ് വിസാ അനുവദിച്ചത്.

ഈ മാസം 21നായിരുന്നു ഗോൾഡ് കാർഡ് യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചിരുന്നു.