ബാലഭാസ്കറിന് സ്വർണ്ണക്കടത്തുകാ‍രുമായി ബന്ധമില്ലെന്ന് പോസ്റ്റിട്ടയുടൻ തമ്പിയുടെ ഫോൺ നമ്പർ ഉള്ള ഫെയ്സ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തു

single-img
1 June 2019

സ്വർണ്ണക്കടത്തുകേസിലെ പ്രതി പ്രകാശ് തമ്പി ബാലഭാസ്കറിന്റെ മാനേജർ അല്ലെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയുടെ പേരിൽ പ്രസിദ്ധീകരിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വസ്തുതാ വിരുദ്ധമെന്നതിന് തെളിവുകൾ.

ബാലഭാസ്കറിന്റെ മരണശേഷം ഇട്ട പോസ്റ്റുകളിലൊന്നിൽ അന്വേഷണങ്ങൾക്കായി നൽകിയിരുന്ന പ്രകാ‍ശ് തമ്പിയുടെ ഫോൺ നമ്പർ പോസ്റ്റ് എഡിറ്റ് ചെയ്ത് മാറ്റിയിരുന്നതായി ഫെയ്സ്ബുക്കിന്റെ എഡിറ്റ് ഹിസ്റ്ററി സൂചിപ്പിക്കുന്നു. ഭാര്യയുടെ പേരിലുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ച് കൃത്യം പതിന്നാലുമിനിട്ടിനു ശേഷമാണ് പോസ്റ്റ് എഡിറ്റ് ചെയ്തിരിക്കുന്നത്.

ബാലഭാസ്ക്കറിന്‍റെ പ്രോഗ്രാം കോർഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്കറിന്‍റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

എന്നാൽ ഇവർക്ക് ബാലഭാസ്കറുമായുള്ള ബന്ധങ്ങൾ നിഷേധിച്ചുകൊണ്ടായിരുന്നു ഭാര്യ ലക്ഷ്മി, ബാലഭാസ്കറിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.
പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നുവെന്നതു മാത്രമാണ് വാസ്തവമെന്നും ലക്ഷ്മി വിശദീകരിച്ചു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി കൂട്ടിച്ചേർത്തിരുന്നു.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ…

Posted by Balabhaskar on Wednesday, May 29, 2019

എന്നാൽ ബാലഭാസ്കർ മരിച്ച് അഞ്ചുമാസത്തിനു ശേഷം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റിലും അന്വേഷണങ്ങൾക്കായി നൽകിയിരുന്ന ഫോൺ നമ്പരുകളിലൊന്ന് പ്രകാശ് തമ്പിയുടേതായിരുന്നു. ബാലഭാസ്കറിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ അത്തരം പരിപാടികൾക്ക് ബാലഭാസ്കറീന്റെ കുടുംബവുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞുകൊണ്ട് പ്രസിദ്ധീകരിച്ച പോസ്റ്റിലായിരുന്നു തമ്പിയുടെ നമ്പർ ഉണ്ടായിരുന്നത്. എന്നാൽ ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച് കൃത്യം 14 മിനിട്ട് കഴിഞ്ഞപ്പോൾ ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് തമ്പിയുടെ നമ്പർ നീക്കം ചെയ്തത് സംശയകരമാണ്.

Important notice…!!!We have been notified about a set of music shows and charitable works being organized lately, in…

Posted by Balabhaskar on Saturday, March 23, 2019

മാത്രമല്ല ബാലഭാസ്കറിന്റെ പേഴ്സണൽ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ അവസാനം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം പ്രകാ‍ശ് തമ്പിയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് അയാൾക്കൊപ്പം നിൽക്കുന്നതാണ്. പെഴ്സണൽ പ്രൊഫൈലിൽ ഇട്ടിരിക്കുന്ന ലൈവ് വീഡിയോകളിലുമെല്ലാം തമ്പിയുടെ ഫോൺ നമ്പർ തന്നെയാണ് ഇദ്ദേഹം കൊടുത്തിരിക്കുന്നത്.

9895702405, 9895196634

Posted by Balabhaskar Chandran on Saturday, August 18, 2018

പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ കുടുംബവുമായും നല്ല അടുപ്പത്തിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. വിഷ്ണു നടത്തിയിരുന്ന അപ്പം മെഷീനിന്റെ കമ്പനിയിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും പാർട്ണർ ആയിരുന്നുവെന്നും ഈ കമ്പനിയ്ക്കായി 15 ലക്ഷം രൂപ മുടക്കിയത് ബാലഭാസ്കർ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ മാതൃസഹോദരിയുടെ മകൾ പ്രിയ വേണുഗോപാൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.
ബാലുവിന്റെ ബെൻസ് കാർ, ഫോൺ, എടിഎം കാർഡുകൾ ഇവയെല്ലാം ആക്സിഡന്റ് നടന്നപ്പോൾ മുതൽ ലക്ഷ്മിയുടെ അനുമതിയോടെ കൈവശം വച്ചിരുന്നത് തമ്പിയല്ലേയെന്നും പ്രിയ ചോദിച്ചിരുന്നു.

“ വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടിൽ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെൻസ് കാർ, ഫോൺ, എടിഎം കാർഡുകൾ ഇവയെല്ലാം ആക്സിഡന്റ് നടന്നപ്പോൾ മുതൽ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ? ”

പ്രിയ വേണുഗോപാൽ ചോദിക്കുന്നു.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുകയാണ്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുമായി കലാഭവൻ ട്രൂപ്പിലെ ഡയക്ടറും സീനിയർ റെക്കോർഡിസ്റ്റുമായ സോബി ജോർജ് രംഗത്തെത്തിയിരുന്നു.