സോഷ്യല്‍ മീഡിയ ട്രോളര്‍മാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് പികെ ശശിയും പിസി ജോര്‍ജും; സാധ്യമല്ലെന്ന് മുഖ്യമന്ത്രി

single-img
29 May 2019

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നവരേയും ട്രോളന്മാരേയും നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് എംഎല്‍എ പികെശശി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പക്ഷെ അത് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും ട്രോളന്മാരുടേയും ആക്രമണത്തിന് വിധേയരാവാത്ത എത്രപേര് നിയമസഭയിലുണ്ടാകുമെന്നും ശശി ചോദിച്ചു. അങ്ങിനെയാണെങ്കില്‍ മൊബൈല്‍ ഫോണ്‍ സംഭാഷണം ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരേയും നടപടി വേണമെന്ന് പിസി ജോര്‍ജ് എംഎല്‍എയും ആവശ്യപ്പെട്ടു.

അടുത്തിടെ ഫോണ്‍ സംഭാഷണത്തിനിടയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഈ കാര്യത്തില്‍ താനൊരു ഇരയാണെന്നുകൂടി പിസി ജോര്‍ജ് പറഞ്ഞതോടെ സഭ ചിരിയില്‍ മുങ്ങി. ‘സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ത് വൃത്തികേടും പറയുന്ന അവസ്ഥയാണ്. ഇവരുടെ ആക്രമണത്തിന് വിധേയരാവാത്ത എത്രപേര്‍ നിയമസഭയിലുണ്ടാകും. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ആറോ ഏഴോ പേരുണ്ടാകും. ചില ട്രോളന്മാരുണ്ട്. വല്ലാത്ത രൂപത്തിലാണ് ഇവന്മാരുടെ ആക്രമണം. ആളെ തിരിച്ചറിയാന്‍ കഴിയാത്ത നമ്പറില്‍നിന്ന് ഫോണ്‍കോളുകളും സന്ദേശങ്ങളും വരികയാണ്. പലരും ആത്മഹത്യയുടെ വക്കിലാണെന്നും ശശി പറഞ്ഞു.

ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയാറാകുമോയെന്നും പികെ ശശി മുഖ്യമന്ത്രിയോട് ചോദിച്ചു. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വലിയൊരു പ്രശ്‌നമാണ് അംഗം ചൂണ്ടിക്കാട്ടിയതെന്നും എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. നിയമനിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. സമൂഹത്തിന്റെ പൊതുബോധമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ട’തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.