കെവിൻ വധം: പിരിച്ചുവിടാൻ നോട്ടീസ് നൽകിയ എസ്ഐ ഷിബുവിനെ തിരിച്ചെടുത്തു; പരാതിയുമായി കെവിന്റെ കുടുംബം

single-img
29 May 2019

കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എസ്ഐ ഷിബുവിനെ സർവ്വീസിൽ തിരിച്ചെടുത്തു. പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയശേഷമാണ് തിരിച്ചെടുത്തത്.

ഗാന്ധിനഗർ എസ് ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ചാണ് തീരുമാനം.

അതേസമയം ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും. കെവിന്‍റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്‍റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നൽകിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്‍റെ അച്ഛൻ രാജൻ പറഞ്ഞു.

നേരത്തെ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് എസ്.ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്.