ബന്ധുക്കള്‍ അകന്നു; മകന് നരേന്ദ്ര മോദി എന്ന് പേരിട്ട മുസ്‌ലിം കുടുംബം കുഞ്ഞിന്റെ പേരുമാറ്റി

single-img
29 May 2019

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോദി വീണ്ടും അധികാരത്തില്‍ എത്തുന്നതറിഞ്ഞുകൊണ്ട് തങ്ങളുടെ നവജാത ശിശുവിന് നരേന്ദ്ര മോദിയുടെ പേരിട്ട മുസ്‌ലിം കുടുംബം കുഞ്ഞിന്റെ പേരുമാറ്റി. തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്ന മെയ് 23ന് യുപിയിലെ ഗോണ്ടയില്‍ ജനിച്ച കുഞ്ഞിനാണ് നരേന്ദ്ര മോദി എന്ന് പേരിട്ടത്. കുട്ടിക്ക് നരേന്ദ്ര മോദിയെന്ന് പേരിട്ടതോടെ ബന്ധുക്കള്‍ തങ്ങളില്‍ നിന്ന് അകന്നെന്നും കുഞ്ഞിന്റെ ജനന ചടങ്ങുകള്‍ക്ക് പോലും ബന്ധുക്കള്‍ എത്താത്തതാണ് പേരുമാറ്റാന്‍ കാരണമായതെന്നും കുടുംബം പറഞ്ഞു.

ആദ്യ പേര് നല്‍കി ഒരാഴ്ച തികയും മുമ്പാണ് ‘അല്‍താഫ് ആലം മോദി’ എന്ന പുതിയ പേരിട്ടിരിക്കുന്നത്. ബന്ധുക്കളുടെ നിസഹകരണത്തില്‍ പേരുമാറ്റിയിട്ടും മോദി എന്ന വാക്ക് പേരില്‍ നിന്ന് മാറ്റിയിട്ടില്ല.

‘എന്റെ കുഞ്ഞിന് ഞങ്ങള്‍ നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ തന്നെ ദുബൈയിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്റെ പേരിടാമെന്ന്’ ഇതായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മെഹ്നാസ് ബീഗം പറഞ്ഞത്.

അതേസമയം, മെയ് 23നാണ് കുഞ്ഞ് ജനിച്ചതെന്ന കുടുംബത്തിന്റെ അവകാശവാദം തെറ്റാണെന്ന്‍ പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടി ജനിച്ചത് മെയ് 12 നാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജനന രജിസ്ട്രേഷന് ചെന്നപ്പോള്‍ തെറ്റായ തിയതിയാണ് മെഹ്നാസ് ബീഗം നല്‍കിയതെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.