അഹന്തയ്ക്ക് അന്താരാഷ്ട്ര പുരസ്കാരമുണ്ടെങ്കില്‍ അത് പിണറായി വിജയന് നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
25 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ യാഥാർത്ഥ്യബോധത്തോടെ മുഖ്യമന്ത്രി വിലയിരുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ ഒരിക്കലും ശബരിമലയെ യുഡിഎഫ് രാഷട്രീയ ആയുധമാക്കിയില്ല, പക്ഷെ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് ലഭിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ കൊഞ്ഞനം കാട്ടുന്നതാണ്. അഹന്തയ്ക്ക് അന്താരാഷ്ട്ര പുരസ്കാരമുണ്ടെങ്കില്‍ അത് പിണറായി വിജയന് നല്‍കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“മാറി നില്‍ക്ക്” എന്ന് പിണറായിയോടാണ് കേരള ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത്. രാജ്യത്തെ മതേതര ജനാധിപത്യത്തിന്റെ അന്തകനായ പിണറായി ഇന്ന് വൈകുന്നേരം തന്നെ ഗവർണറെ കണ്ട് രാജിക്കത്ത് നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി കാഴ്ചവെച്ച രാഷ്ട്രീയം ചർച്ച ചെയ്യണം. അവിടെ എങ്ങിനെ മൂന്നാം സ്ഥാനത്തായെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സമൂഹത്തില്‍ ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായേ കുമ്മനത്തെ കണ്ടിട്ടുള്ളൂവെന്ന നിലപാടിൽ മാറ്റമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജി വയ്ക്കുന്ന പ്രശ്നമില്ല മാത്രമല്ല, കോൺഗ്രസിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ 19 സീറ്റില്‍ ജയിച്ചിട്ടും ആലപ്പുഴയില്‍ മാത്രം തോറ്റ കാര്യം പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ തോല്‍‌വിയില്‍ പാർട്ടിയുമായി ബന്ധമുള്ള ആർക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ പിന്നെ അവർ പാർട്ടിയിലുണ്ടാകില്ല. മുല്ലപ്പള്ളി പറഞ്ഞു.