എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടും, താൻ മാത്രം തോറ്റു; തോല്‍വിയെ വ്യക്തിപരമായ തോൽവിയായി കാണുന്നു: ഷാനിമോള്‍ ഉസ്മാന്‍

single-img
24 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റുകളില്‍ 19ലും മികച്ച വിജയം നേടിയ കോണ്‍ഗ്രസ്,പക്ഷെ പരാജയപ്പെട്ടത് ആലപ്പുഴയിൽ മാത്രമാണ്. ആലപ്പുഴയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാനെ 9,213‬ വോട്ടുകള്‍ക്ക് പിന്തള്ളിയാണ് ഇടത്പക്ഷ സ്ഥാനാര്‍ഥി ആരിഫ് വിജയിച്ചത്.

കേരളത്തിലെ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടും, താൻ മാത്രം തോറ്റത് വ്യക്തിപരമായ തോൽവിയായി കാണുന്നുവെന്നാണ് ഷാനിമോള്‍ പറയുന്നത്. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ദേശീയ തലത്തിലെ തിരക്കുകൾ മാറ്റി വച്ച് തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയെന്നും, എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്നു൦ ഷാനിമോള്‍ പറയുന്നു.

അടുത്തുതന്നെ നടക്കുന്ന അരൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനിയുള്ള സ്ഥാനാർത്ഥിത്വമെല്ലാം പാർട്ടി തീരുമാനിക്കട്ടെയെന്നായിരുന്നു ഷാനിമോളുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ആലപ്പുഴ, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ ഷാനിമോള്‍ ഭൂരിപക്ഷം നേടിയെങ്കിലും ചേർത്തല, അരൂർ മണ്ഡലങ്ങളിൽ പിറകോട്ട് പോയതാണ് പരാജയത്തിന് കാരണമായത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 40.96 ശതമാനം വോട്ട് വിഹിതം എതിര്‍സ്ഥാനാര്‍ഥിയായ ആരിഫ് നേടിയപ്പോള്‍ 40 ശതമാനം വോട്ടുകളാണ് ഷാനിമോള്‍ക്ക് കിട്ടിയത്.