ദളിതര്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ഒരു കാരണവുമില്ലായിരുന്നു; ബിജെപിയുടെ ഈ വിജയം എന്നെ അമ്പരപ്പിക്കുന്നു: ജിഗ്നേഷ് മേവാനി

single-img
24 May 2019

രൂക്ഷമായ കാര്‍ഷിക പ്രതിസന്ധികളും തൊഴിലില്ലായ്മയും നിലനില്‍ക്കവേ അവയെ അഭിമുഖീകരിക്കാതെ ഹിന്ദുത്വത്തിലൂന്നി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ബിജെപി വിജയിച്ചതില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് ദളിത് നേതാവും വദ്ഗാം എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാജ്യത്തെ ദളിത് വിഭാഗം ബിജെപിക്ക് വോട്ട് നല്‍കുന്നതിന് ഒരു ന്യായവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് മനസിലാകുന്നില്ല. ദളിതര്‍ ബിജെപിക്ക് വോട്ടു ചെയ്യാന്‍ ഈ വര്‍ഷം ഒരു കാരണവുമില്ലായിരുന്നു. അവര്‍ക്ക് ജോലി ലഭിച്ചില്ല, രാജ്യത്ത് രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയുണ്ടായിരുന്നു, വിലക്കയറ്റം രൂക്ഷമായിരുന്നു. ഈ വിജയം എന്നെ അമ്പരപ്പിക്കുന്നു’- ജിഗ്നേഷ് മേവാനി പറയുന്നു.

രാജ്യത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് സമ്മതിക്കുന്ന മേവാനി, കാര്‍ഷിക പ്രശ്‌നവും മറ്റും മോദിയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയിരുന്നതായി പറയുന്നു. ‘ പക്ഷെ ഹിന്ദുത്വത്തിന്റെ സംസ്‌കാരം വിജയം കണ്ടു. മോദി കഴിഞ്ഞ അഞ്ചു വര്‍ഷം ചെയ്ത കാര്യങ്ങള്‍ മാത്രം മതിയായിരുന്നു ബിജെപിയെ തുടച്ചു നീക്കാന്‍ എന്നാല്‍ അത് സംഭവിച്ചില്ല’- മേവാനി പറയുന്നു.

‘ഈ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാന്‍ കഴിയാത്തതാണെങ്കിലും അംഗീകരിച്ചേ മതിയാവൂ . ഇനി കൂടുതല്‍ ശക്തവും ക്രിയാത്മകവുമായ പ്രതിപക്ഷത്തിന് ജനങ്ങളുടെ മുന്‍ഗണനകളില്‍ മാറ്റം വരുത്താന്‍ കഴിയണം’- മേവാനി പറഞ്ഞു. ബെഗുസരായില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ തോറ്റതിലെ നിരാശയും മേവാനി മറച്ചു വെച്ചില്ല. ‘ ആ പരാജയം എങ്ങിനെ സംഭവിച്ചു എന്നെനിക്ക് മനസ്സിലാവു്ന്നില്ല. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു കനയ്യ. തീര്‍ച്ചയായും അദ്ദേഹം തരംഗം സൃഷ്ടിച്ചിരുന്നു. കനയ്യയുടെ പരാജയം ദൗര്‍ഭാഗ്യകരമാണ്’- മേവാനി പറയുന്നു.