രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റ്: കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല

single-img
23 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റ് എന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. തോല്‍വിയുടെ ഉത്തരവാദിത്വം രാഹുൽ ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് താനും പാര്‍ട്ടിയും തമ്മിലുള്ള കാര്യമാണെന്നായിരുന്നു രാഹുൽ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് ഫലങ്ങൾ ഏകദേശം ധാരണയായശേഷം ഇന്ന് ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെയും സുര്‍ജേവാലയുടെയും പ്രതികരണങ്ങള്‍. “ രാജി വെക്കുന്നത് ഞാനും എന്റെയും പാര്‍ട്ടിയും തമ്മിലുള്ള കാര്യമാണ്. അതു ഞാനും കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും തമ്മിലുള്ള കാര്യമാണ്.”- രാഹുല്‍ പറഞ്ഞു.

അമേഠിയിലേറ്റ തോൽവിക്ക് പിന്നാലെ തോല്‍വി സമ്മതിക്കുകയും സ്മൃതി ഇറാനിയെയും നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞിരുന്നു. രാജ്യത്തെ ജനങ്ങള്‍ നരേന്ദ്രമോദിയാവണം തങ്ങളുടെ പ്രധാനമന്ത്രിയെന്നു തീരുമാനിച്ചു കഴിഞ്ഞു. ഒരു ഇന്ത്യക്കാരൻ എന്നുള്ള നിലയില്‍ ഞാനതിനെ ബഹുമാനിക്കുന്നു. രണ്ട് ആശയങ്ങള്‍ തമ്മിൽ നടന്ന പോരാട്ടത്തിൽ മോദി ജയിച്ചു. പോരാട്ടം തുടരണം. ആത്മവിശ്വാസം നഷ്ടപ്പെടരുത്.- രാഹുല്‍ പറഞ്ഞു.