2004-ൽ ഉണ്ടായ ഇടതു തരംഗത്തിന്റേതിനു സമാനമായ യുഡിഎഫ് തരംഗം: കോടിയേരി ബാലകൃഷ്ണൻ

single-img
23 May 2019

2004-ൽ ഉണ്ടായ ഇടതുതരംഗത്തിന്റേതിന് സമാനമായ യുഡിഎഫ് തരംഗമാണ് സംസ്ഥാനത്തുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയ്ക്കെതിരായ വോട്ടുകളെ സ്വാധീനിക്കുവാൻ യുഡിഎഫിന് സാധിച്ചതാണ് അവർക്ക് നേട്ടമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ മണ്ഡലങ്ങളിലേയും സവിശേഷമായ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ. സംഘടനാപരമായ പ്രശ്നങ്ങളൊന്നും എവിടെയും ഈ തെരെഞ്ഞെടുപ്പിൽ ഉണ്ടായിരുന്നില്ല. ഒരു തരംഗമുണ്ടാകുമ്പോൾ മറ്റെല്ലാ വിഷയങ്ങളും അപ്രസക്തമാകുമെന്നും കോടിയേരി പറഞ്ഞു.

ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ടുകളെ ഗണ്യമായി സ്വാധീനിക്കാൻ ഈ തെരെഞ്ഞെടുപ്പിൽ യുഡിഎഫിനു കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തതുകൊണ്ടാണ് കോൺഗ്രസിനു പല സീറ്റുകളിലും വലിയ ഭൂരിപക്ഷം കിട്ടിയതെന്നും കോടിയേരി പറഞ്ഞു.

ശബരിമല വിഷയം തെരെഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് അരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. പരാജയം എത്ര ആഴത്തിലുള്ളതാണെന്ന് പാർട്ടി മനസിലാക്കുന്നു. അതിനെക്കുറിച്ച് വിശദമായി പഠിക്കും.

എന്നാൽ കേന്ദ്രത്തിലെ കോൺഗ്രസിന്റെ പരാജയം സിപിഎമ്മിനു യാതൊരു തരത്തിലും സന്തോഷത്തിനു വക നൽകുന്നില്ലെന്നും കോടിയേരി പറഞ്ഞു. മതേതരത്വ ചേരിയ്ക്ക് നിരാശ നൽകുന്ന ഫലമാണ് കേന്ദ്രത്തിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.