പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് ചെന്നിത്തല

single-img
18 May 2019

പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സി.പി.എം. നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖാവരണം ഉപയോഗിച്ച് മുഖം മറച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന സിപിഎം നേതാവ് എം വി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്. അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

തോല്‍വി മുന്നില്‍കണ്ട് നേതാക്കന്‍മാരുടെ സമനില തെറ്റിയിരിക്കുകയാണെന്നും സംഘപരിവാര്‍ ശക്തികളുടെ ഭാഷയിലാണ് സി.പി.എമ്മിലെ പല നേതാക്കളും ഇപ്പോള്‍ സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

എന്നാൽ മുഖം മറച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിച്ചാൽ കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്ന ജയരാജന്റെ പ്രസ്താവനയെ ‘പർദ്ദ ധരിച്ചെത്തുന്നവർ’ എന്നാക്കിമാറ്റിയ ചെന്നിത്തലയുടെ പ്രസ്താവന ദുരുപദിഷ്ടമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം.

നിഖാബ് (മുഖാവരണം) ധരിച്ചെത്തുന്നവർ വോട്ടു ചെയ്യുന്നതിനായി ക്യൂവിൽ നിൽക്കുമ്പോൾത്തന്നെ മുഖാവരണം മാറ്റണമെന്നും പോളിങ് ബൂത്തിലെ ക്യാമറയില്‍ കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ എന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.