വഴിയില്‍ മോട്ടോര്‍ വാഹന വകുപ്പ് തടയാന്‍ നില്‍ക്കുന്നത് കണ്ട് ഭയക്കണ്ട; നിങ്ങള്‍ക്ക് കിട്ടുന്നത് കുടിവെള്ളവും നോമ്പുതുറ വിഭവങ്ങളും ഉള്‍പ്പെടുന്ന ഇഫ്താര്‍ കിറ്റ്!

single-img
17 May 2019

നിങ്ങൾ യാത്ര ചെയ്യുന്നത് മലപ്പുറം ജില്ലയിലൂടെ ആണോ? എങ്കിൽ മോട്ടോര്‍ വാഹന വകുപ്പ് വാഹനം തടയുന്നത് കണ്ട് ആരും പേടിക്കണ്ട, പിഴ ഈടാക്കാനല്ല, കുടിവെള്ളവും നോമ്പുതുറ വിഭവങ്ങളുമാണ് വാഹനങ്ങളില്‍ എത്തുന്നവരെ തടഞ്ഞുനിര്‍ത്തി മോട്ടോര്‍വാഹനവകുപ്പ് നല്‍കിയത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനുപകരം ഇഫ്താര്‍ കിറ്റ് ലഭിച്ചത് രസകരമായി.

മലപ്പുറം ജില്ലയിലെ പാതയോരത്ത് മോട്ടോര്‍ വാഹന വകുപ്പ് വാഹനം നിര്‍ത്തി പരിശോധിക്കുന്നത് പുതുമയുള്ള കാഴ്ചയല്ല. എന്നാല്‍ ഇക്കുറി ഹെല്‍മറ്റ് ഇട്ടവരേയും ഇടാത്തവരെയും ഒരുപോലെ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ കാര്യം അറിയാതെ വാഹനയാത്രക്കാര്‍ അമ്പരന്നു.തടഞ്ഞ വാഹനയാത്രക്കാരുടെ അടുത്തേക്ക് ഇഫ്താര്‍ കിറ്റുമായി ഉദ്യോഗസ്ഥര്‍ എത്തി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയതോടെ കയ്യടിയാണ് മോട്ടോര്‍ വാഹന വകുപ്പിനെ തേടിയെത്തുന്നത്.

നിയമം ലംഘിക്കുന്നവരോട് പിഴചുമത്തി ശിക്ഷിക്കുന്നതിനു പകരം മേലില്‍ ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. ശേഷം നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റ് നല്‍കി. ശിക്ഷിക്കാന്‍ മാത്രമല്ല നല്ലൊരു സുഹൃത്തായി മോട്ടോര്‍വാഹനവകുപ്പ് കൂടെയുണ്ടെന്ന സന്ദേശമാണ് നോമ്പുകാലത്ത് ഇഫ്താര്‍ കിറ്റ് നല്‍കിയതിലൂടെ മനസ്സിലായെന്ന് യാത്രക്കാര്‍ പറഞ്ഞു. പെറ്റി അടച്ച രസീത് പകരം ഒരു പുഞ്ചിരി നല്‍കി ആണ് ഉദ്യോഗസ്ഥര്‍ എല്ലാവരെയും യാത്രയാക്കിയത്.