സ്കിമ്മിംഗ്: എടിഎം കവർച്ചയുടെ പുതുവഴികൾ അറിയുക

single-img
17 May 2019

ഇക്കഴിഞ്ഞ മേയ് ഒന്നു മുതലുള്ള രണ്ടാഴ്ചക്കാലയളവിൽ ഡൽഹിയിൽ എടിഎം തട്ടിപ്പിലൂടെ ഉപഭോക്താക്കൾക്ക നഷ്ടമായത് 19 ലക്ഷം രൂപയാണ്. തിലക് നഗർ ഭാഗത്തുള്ള മൂന്ന് എടിഎമ്മുകളിൽ നിന്നായി 80 ഉപഭോക്താക്കൾക്കാണ് പണം നഷ്ടമായത്. വിവിധ സ്വകാര്യ ബാങ്കുകളുടെ ഉപഭോക്താക്കളായ ഇവർക്ക് ഓരോരുത്തർക്കും 50000 മുതൽ ഒരുലക്ഷം രൂപവരെയാണ് നഷ്ടമായത്. എടിഎം മെഷീനുകളിൽ ഘടിപ്പിക്കുന്ന സ്കിമ്മർ എന്ന ഉപകരണത്തിലൂടെയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞയാഴ്ച മുംബൈയിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു. 2016-ൽ തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പിൽ പണം നഷ്ടമായത് 50-ലധികം പേർക്കാണ്.

സ്കിമ്മിംഗ്

എടിഎം മെഷീനിൽ കാർഡ് ഇടുന്ന ഭാഗത്ത് താൽക്കാലികമായി ഫിറ്റ് ചെയ്തുവെയ്ക്കുന്ന ഹാക്കിംഗ് ഉപകരണത്തിന്റെ പേരാണ് സ്കിമ്മർ. ഈ ഉപകരണം എടിഎം ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിന്റെയും മാഗ്നറ്റിക് സ്ട്രിപ് റീഡ് ചെയ്ത് കാർഡിന്റെ നമ്പർ അതിൽ സ്റ്റോർ ചെയ്തുവെയ്ക്കും. ഒരു സാധാരണ ഉപഭോക്താവിന് ഈ ഉപകരണം കാർഡ് റീഡറിനു മുന്നിൽ ഘടീപ്പിച്ചിരിക്കുന്നത് ഒറ്റനോട്ടത്തിൽ കണ്ടെത്താനാകില്ല. ഈ ഉപകരണം ഓരോ കാർഡിന്റെയും നമ്പരും അത് മെഷീനിൽ ഇട്ട സമയവും രേഖപ്പെടുത്തിയ ഒരു പട്ടികയാണ് തയ്യാറാക്കുക.

കാർഡിന്റെ നമ്പർ മാത്രം കിട്ടിയാൽ പണം പിൻവലിക്കാൻ കഴിയില്ല. ഉപഭോക്താവിനു മാത്രമറിയാവുന്ന പിൻ നമ്പർ കൂടി കരസ്ഥമാക്കേണ്ടതുണ്ട്. അതിനായി തട്ടിപ്പുകാർ ചെയ്യുന്നത് എടിഎം മുറിയ്ക്കുള്ളിൽ മെഷീനിന്റെ കീബോർഡിനു മുകളിലായോ മറ്റോ ഒരു പിൻഹോൾ ക്യാമറ സ്ഥാപിക്കുകയാണ്. ഉപഭോക്താക്കൾ പിൻ നമ്പർ ടൈപ്പ് ചെയ്യുന്നതിന്റെ വീഡിയോ ഈ ക്യാമറയിൽ പതിയും. (ചില തട്ടിപ്പുകാർ എടിഎമ്മിന്റെ കീ ബോർഡിനു മുകളിൽ മറ്റൊരു വ്യാജ കീബോർഡ് സ്ഥാപിക്കുക വരെ ചെയ്യാറുണ്ടത്രേ !!!).

ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ മോഷ്ടാവ് വന്ന് തന്റെ ഉപകരണങ്ങൾ എടുത്തുകൊണ്ടുപോകും. വീഡിയോയിലെ സമയവും സ്കിമ്മർ മെഷീനിൽ കാർഡ് നമ്പരിനോടൊപ്പം വരുന്ന സമയവും ഒത്തുനോക്കി പിൻ നമ്പർ കണ്ടുപിടിക്കും. അതിനു ശേഷം മാഗ്നറ്റിക് സ്ട്രിപ്പുകൾ മറ്റൊരു മെഷീൻ ഉപയോഗിച്ച് നിർമ്മിച്ചശേഷം വ്യാജ കാർഡുകൾ നിർമ്മിക്കും വിവിധ എടിഎമ്മുകളിൽ നിന്നായി ഈ കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്യും.

ചില ഉപകരണങ്ങൾ അതിൽ റീഡ് ചെയ്യുന്ന നമ്പരും പിൻ നമ്പർ ടൈപ്പ് ചെയ്യുന്ന വീഡിയോയും ലൈവായി മറ്റൊരു സ്ഥലത്തേയ്ക്ക് വയർലെസ് ആയി അയച്ചുകൊടുക്കുകയും ചെയ്യുമത്രേ!! തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിൽ അത്തരം മെഷീനുകൾ ആയിരുന്നു ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ സ്കിമ്മറും അനുബന്ധ ഉപകരണങ്ങളും തട്ടിപ്പുകാർ എടുത്തുകൊണ്ടുപോയതുമില്ല. ഈ ഉപകരണങ്ങൾ പിന്നീട് പൊലീസ് കണ്ടെടുത്തതോടെയാണ് അന്നത്തെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

ആരാണ് തട്ടിപ്പുകാർ?

തിരുവനന്തപുരം

തിരുവനന്തപുരത്ത് 2016-ൽ നടന്ന എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് ഗബ്രിയേൽ മരിയൻ എന്ന റൊമേനിയൻ സ്വദേശിയായിരുന്നു. ഇയാളും മറ്റു നാലുകൂട്ടാളികളും കൂടി തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളിൽ താമസിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഹോട്ടലുകൾക്കടുത്ത് തന്നെയുള്ള എടിഎമ്മുകളിലെ സ്കിമ്മറുകളിൽ നിന്നുള്ള ഡേറ്റ അവർക്ക് ഹോട്ടൽ മുറിയിൽ ഇരുന്നുകൊണ്ട് വയർലെസായി സ്വീകരിക്കുവാൻ സാധിച്ചിരുന്നു. മുംബൈയിൽ നിന്നാണിയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലും ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു.

ഗബ്രിയേൽ മരിയൻ

റൊമേനിയയിൽ ടാക്സി ഡ്രൈവറായ ഗബ്രിയേൽ ബൾഗേറിയയിൽ നിന്നാണ് സ്കിമ്മർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പഠിച്ചത്. വിസിറ്റിംഗ് വിസയിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ഇയാളുടെ കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്‌ളോറിന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്‌ളോറിന്‍, കോസ്റ്റി എന്നിവര്‍ അറസ്റ്റ് നടക്കുന്നതിനു മുന്നേ രാജ്യം വിട്ടിരുന്നു.

ബെംഗളൂരു

2017 സെപ്റ്റംബർ മാസത്തിൽ ബെംഗളൂരുവിലെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഒരു എടിഎമ്മിൽ പണം നിറയ്ക്കാൻ വന്ന ഏജന്റ് മെഷീനിൽ ഒരു ഉപകരണം ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഇദ്ദേഹം ഇതു പൊലീസിനെ അറിയിച്ചു. മറ്റേതെങ്കിലും എടിഎമ്മിൽ സമാനമായ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിമാനത്താവളത്തിനകത്തുള്ള മറ്റൊരു കൊട്ടക് മഹീന്ദ്ര എടിഎമ്മിനുള്ളിൽ സമാനമായ രീതിയിൽ സ്കിമ്മറും മിനി ക്യാമറയും ഘടിപ്പിച്ചതായി കണ്ടെത്തി. ആദ്യത്തെ എടിഎമ്മിനുള്ളിൽ ഉപകരണം ഘടിപ്പിച്ച അതേ ആളുകൾ തന്നെയാണ് അവിടെയും ഘടിപ്പിച്ചതെന്ന് സിസിടിവി ക്യാമറയിൽ നിന്നും മനസിലാകുകയും ചെയ്തു.

ഈ തട്ടിപ്പുകാരെ പിടിക്കാൻ കർണാടക സിഐഡി കെണിയൊരുക്കി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഈ എടിഎമ്മിലൊന്നിൽ ഉപകരണങ്ങൾ തിരിച്ചെടുക്കാനായി ഇവരെത്തി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഹംഗേറിയൻ പൌരനായ മാരെ ജോൺസ്(44), റൊമേനിയൻ പൌ‍രനായ സബി കൃസ്ത്യൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.സെപ്റ്റംബർ 1-നു ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ സെപ്റ്റംബർ 19-നു തിരിച്ചുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ഇവർ രണ്ടുപേരും ജമൈക്കയിൽ സമാനമായ മറ്റൊരു കുറ്റകൃത്യത്തിനു പിടിക്കപ്പെട്ടവരായിരുന്നു. യു കെ ആസ്ഥാനമായ ഒരു അന്താരാഷ്ട്ര മാഫിയ സംഘത്തിലെ കണ്ണികളാണ് തങ്ങളെന്ന് അവർ ചോഡ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ സഞ്ചരിച്ച് അവിടങ്ങളിലെ എടിഎമ്മുകളിൽ മോഷണം നടത്തിയശേഷം കടന്നുകളയുന്നതാണ് ഇവരുടെ രീതി. ഇവർ രണ്ടുപേരും പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു.

ഹൈദരാബാദ്

2017 ഡിസംബർ മാസത്തിൽ ഹൈദരാബാദിൽ നടന്ന എടിഎം കവർച്ചയുടെ പിന്നിലും റൊമേനിയൻ പൌരന്മാരായിരുന്നു. വസീൽ ഗബ്രിയേൽ റസ്വാൻ, ബ്യൂറിസിയ അലക്സാൻഡ്രു മിഹായി, ടിക്കു ബോഗ്ഡൻ കോസ്റ്റിനെൽ, പ്യൂസിയ യൂൺ മരിയൻ എന്നീ റൊമേനിയൻ പൌരന്മാരായ തട്ടിപ്പുകാർ ഇന്ത്യയിൽ വരികയും ഹൈദരാബാദിലെയും മുംബൈയിലെയും കാവൽക്കാരില്ലാത്ത എടിഎമ്മുകളിൽ സ്കിമ്മറുകളും ക്യാമറകളും സ്ഥാപിച്ച് ശേഖരിച്ച വിവരങ്ങളുപയോഗിച്ച് 500-ലധികം വ്യാജ ഡ്യൂപ്ലിക്കേറ്റ് ഡെബിറ്റ് കാർഡുകൾ ഉണ്ടാക്കുകയും 35 ലക്ഷത്തോളം രൂപ കവരുകയും ചെയ്തു. നൈജീരിയൻ പൌരന്മാരുടെ മറ്റൊരു ക്രിമിനൽ സംഘത്തിന്റെ സഹായം ഈ സംഘം ഉപയോഗിക്കുകയുമുണ്ടായി. നൈജീരിയൻ സംഘത്തിന്റെ സഹായത്തോടെ ഇവർ പണം യൂറോ ആക്കി മാറ്റുകയും വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ വഴി റൊമേനിയയിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. വസീൽ, ബ്യുറിസിയ എന്നിവർ പിന്നെട് മുംബൈയിൽ നിന്നും അറസ്റ്റിലായി. ടിക്കു, പ്യുസിയ എന്നിവർ രക്ഷപ്പെട്ടു.

സ്കിമ്മിംഗ് സ്വൈപ് മെഷെൻ വഴിയും

വിദേശികൾ മാത്രമല്ല നമ്മുടെ നാട്ടുകാരും കാർഡ് വഴി പണം തട്ടുന്നുണ്ട്. പക്ഷേ ഇവർ ഡേറ്റ ശേഖരിക്കുന്നത് എടിഎം വഴിയല്ല എന്നുമാത്രം. ഡാർക്ക് വെബ് പോലെയുള്ള ഓൺലൈൻ സംവിധാനങ്ങളിൽ വിദേശ വെബ്സൈറ്റുകളിൽ കാർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ കാർഡ് വിവരങ്ങൾ മൊത്തമായി വാങ്ങാൻ കിട്ടും. അതു വാങ്ങി ഉപയോഗിക്കുന്നവരാണ് കൂടുതലും.

ജയ്പ്പൂർ, ചെന്നൈ, ഹൈദരാ‍ബാദ്, മുംബൈ, ബെംഗളൂരു എന്നിങ്ങനെ വിവിധ നഗരങ്ങളിൽ തട്ടിപ്പ് നടത്തുകയും ഒരിടത്ത് പിടിക്കപ്പെടുമ്പോൾ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്ന മനോജ് കുമാർ , രാജേഷ് ശർമ, അക്ഷയ് കുമാർ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന തട്ടിപ്പുകാരനാണ് സ്വദേശി തട്ടിപ്പുകാരിലെ വമ്പൻ എന്നു പറയാവുന്നയാൾ. സ്വന്തം പേരിൽ വ്യാജ കമ്പനി ഉണ്ടാക്കുകയും അതിന്റെ സ്വൈപിംഗ് മെഷീനുകളിൽ ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ ഉപയോഗിച്ച് പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ വിവിധ അക്കൌണ്ടുകളിലായി 2 കോടിരൂപ പൊലീസ് കണ്ടെത്തിയത്. 20 കോടി രൂപയുടെ സ്വത്തുക്കളും ഇയാൾ സമ്പാദിച്ചിരുന്നു.

തട്ടിപ്പ് എങ്ങനെ തടയാം

എല്ലാ എടിഎമ്മിലും കാവൽക്കാരെ ഏർപ്പെടുത്തുക എന്നതാണ് ആദ്യത്തെ വഴി. എടിഎമ്മിനുള്ളിലും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. എടിഎമ്മിൽ പണം നിറയ്ക്കുന്ന ഏജൻസികളുടെ ജീവനക്കാർ ഓരോ തവണയും അതിൽ എന്തെങ്കിലും ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

ഉപഭോക്താക്കളും മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എടിഎം കാർഡ് ഉപയോഗിക്കുന്നതിനു മുന്നേ മെഷീനിൽ സംശയകരമായ എന്തെങ്കിലും ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. അതുപോലെ പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് മറ്റേ കൈകൊണ്ട് മറച്ചുപിടിക്കുന്നത് സ്കിമ്മറുടെ ക്യാമറയെ മറയ്ക്കാൻ സഹായിക്കും.

സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളായും മറ്റും വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സാധനങ്ങൾ വാങ്ങുവാൻ കാർഡ് ട്രാൻസാക്ഷൻ ഉപയോഗിക്കാതിരിക്കുക. പരമാവധി ഓൺലൈൻ ട്രാൻസാക്ഷനുകളിൽ കാർഡ് ഉപയോഗിക്കാതിരിക്കുക. യുപിഐ വാലറ്റുകൾ കാർഡിനേക്കാൾ സുരക്ഷിതമാണ്.

Inputs from Indian express and some other media reports

Content Highlights: Skimming and other ways of ATM looting