ജെഎന്‍യു സർവകലാശാല ക്യാമ്പസില്‍ മലയാളി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

single-img
17 May 2019

ഡൽഹി ജെഎൻയു സർവകലാശാല ക്യാംപസിൽ മലയാളി വിദ്യാർത്ഥി തുങ്ങിമരിച്ച നിലയിൽ . എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും 24വയസുകാരനുമായ റിഷി ജോഷ്വായെ ആണ് ഡിപാർട്ട്മെന്റിലെ റീഡിങ്ങ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഡൽഹിയിലെ വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തമിഴ്നാട്ടിലെ വെല്ലൂരിൽ താമസമാക്കിയ മലയാളി കുടുംബാംഗമാണ് റിഷ് ജോഷ്വാ. ഡിപ്പാർട്ട്‌മെന്റിലെ ഒരു അധ്യാപകന് ഇ-മെയിൽ ആയി ലഭിച്ച ആത്മഹത്യാകുറിപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു വിദ്യാർഥിയെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ റീഡിങ്ങ് റൂം അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതിനുള്ളിലാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സർവകലാശാലയിലെ ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷം മൃതദേഹം സഫ്ദർജങ് ആശുപത്രിയിലേക്ക് മറ്റ് നടപടികൾക്കായി മാറ്റുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോഷ്വാ കടുത്ത വിഷാദത്തിലായിരുന്നെന്ന് സഹപാഠികൾ പ്രതികരിച്ചതായി വിദ്യാർത്ഥികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് യൂനിവേഴ്സിറ്റി അധികൃതർ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.