അമേരിക്കയിൽ വിദേശ ടെലികോം കമ്പനികൾക്ക‌് ട്രംപ് നിരോധനം ഏർപ്പെടുത്തി; ഭയം ചൈനയെ
വിദേശത്ത് നിന്നുള്ള ടെലികോം കമ്പനികൾക്ക‌് നിരോധനം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‌് ട്രംപ‌് ഉത്തരവിറക്കി. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയാണ‌് നിരോധനമെന്നാണ‌് ഉത്തരവിൽ പറയുന്നത‌്.
പ്രത്യേകമായി ഏതെങ്കിലും രാജ്യത്തിന്റെയോ കമ്പനിയുടെയോ പേര‌് ഉത്തരവിൽ പരാമർശിക്കുന്നില്ലെങ്കിലും ചൈനീസ‌് കമ്പനിയായ വാവെയ‌്‌യെ ലക്ഷ്യമിട്ടാണ‌് ട്രംപിന്റെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദേശ രാജ്യങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം ഉൽപ്പന്നങ്ങൾ അമേരിക്കയില്‍ സൈബർ ചാരവൃത്തി നടത്തുന്നുണ്ടെന്നും ഇത‌് യുഎസിന്റെ ടെലികോം മേഖലയ‌്ക്ക‌് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു. ഇതിനു മുന്‍പ് വാവെയ‌്ക്കെതിരെ ട്രംപ‌് സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും തെളിവുകൾ ഹാജരാക്കിയിരുന്നില്ല. അമേരിക്കയുടെ സൈബർ സുരക്ഷാ ശൃംഖല സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ‌് ഉത്തരവെന്ന‌് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അജിത് പൈ പറഞ്ഞു.
നിലവില്‍ ലോകത്തില്‍ ഫോണിലും ഇന്റർനെറ്റ‌് സേവനങ്ങൾക്കും ഉപയോഗിക്കുന്ന നെറ്റ‌്‌വർക്ക‌് ഗിയർ ഉൽപ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വാവെയ‌് ആണ‌്. ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ‌് ലഭ്യമാക്കുന്ന ഫൈവ‌് ജി കണക‌്ഷനുകളിൽനിന്ന‌് വാവെയ‌്‌യെ ഒഴിവാക്കിനിർത്തണമെന്ന‌് സഖ്യകക്ഷികളോട‌് അമേരിക്ക സമ്മർദം ചെലുത്തുന്നതിനിടെയാണ‌് പുതിയ നീക്കം.
അമേരിക്കയുടെ നിരോധന ഉത്തരവ‌് വാവെയ‌്‌യെ ബാധിക്കില്ലെന്ന‌് എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ഡേവിഡ‌് വാങ‌് പറഞ്ഞു. യുഎസ് അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിക്കുകയാണെന്നും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നോ സ്പൈ കരാര്‍ ഒപ്പുവയ‌്ക്കാൻ വാവെയ് ധാരണയിലെത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ ലിയാങ് ഹുവ പറഞ്ഞു.