ഗൾഫിൽ ശമ്പളം വൈകുന്നുവോ? ഉടൻ ഇന്ത്യൻ എംബസിയെ വിവരമറിയിക്കൂ

single-img
9 May 2019

അബുദാബി: ശമ്പളം വൈകുകയോ കിട്ടാതിരിക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ ഉടനടി അക്കാര്യം അറിയിക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ ഇതു സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ പരാതി അറിയിക്കാം.

വിസ തട്ടിപ്പുകള്‍ വ്യാപമാവുന്ന സാഹചര്യത്തില്‍, വിസിറ്റിങ് വിസയില്‍ ഒരിക്കലും ജോലിക്കായി വരരുതെന്ന് നേരത്തെ തന്നെ എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ജോലി ഓഫറും മറ്റ് വിവരങ്ങളും നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഉറപ്പുവരുത്തണം.

അറിയിപ്പ് പുറത്തു വന്നയുടന്‍ നിരവധി പേര്‍ പരാതിയുമായി രംഗത്ത് വന്നതായാണ് വിവരം. പരാതി അറിയിച്ചവര്‍ക്കെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. [email protected], [email protected] എന്നീ ഇ-മെയില്‍ ഐഡിയിലേയ്ക്കാണ് വിവരങ്ങള്‍ സഹിതം പരാതി അയയ്‌ക്കേണ്ടത്.

റിക്രൂട്ടിങ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി യുഎഇയില്‍ കുടുംങ്ങിയവരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം എംബസി ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.

സന്ദര്‍ശക വിസയില്‍ ജോലിക്കായി കൊണ്ടുവന്ന ഇവര്‍ ശമ്പളമില്ലാതെ കുടുങ്ങുകയും ഒടുവില്‍ എംബസിയുടെ ഇടപെടിലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.