മുംബൈക്കെതിരെ ടോസ് ലഭിച്ചാൽ ധോണി എന്തു ചെയ്യണം; ചോദ്യം കുഴക്കിയത് മദ്രാസ് ഐഐടിയിൽ ചോദ്യപേപ്പർ വായിച്ച വിദ്യാർത്ഥികളെയാണ്

single-img
8 May 2019

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ തങ്ങളുടെ ഉത്തരം ശരിയോ എന്ന ആകാംക്ഷയിലായിരുന്നു ചെന്നൈ ഐഐടിയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. കാരണം, അവരുടെ ഇന്നലെ നടന്ന പരീക്ഷയിൽ ചോദ്യപേപ്പറിലെ ഒരു ചോദ്യം മുംബൈക്കെതിരെ ടോസ് നേടിയാല്‍ ധോണി എന്തു ചെയ്യണമെന്നതായിരുന്നു.

ഐപിഎല്ലിൽ ഇതിനുമുൻപ് ചെപ്പോക്കില്‍ നടന്ന മത്സരങ്ങളിൽ എല്ലാം തന്നെ ടോസ് നേടിയപ്പോഴെല്ലാം ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാവുമെന്നതിനാലായിരുന്നു ഇത്. ഈ സാഹചര്യങ്ങളെയെല്ലാം വിശദീകരിച്ചാണ് മദ്രാസ് ഐഐടിയിലെ പ്രഫസറായ വിഗ്നേശ് മുത്തുവിജയന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യപേപ്പറില്‍ ഈ ചോദ്യം ഉന്നയിച്ചത്.

ഇന്നലത്തെ ക്വാളിഫയര്‍ മത്സരം നടക്കുന്ന ദിവസത്തെ കാലാവസ്ഥയും അന്തരീക്ഷോഷ്മാവും രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗില്‍ അന്തരീക്ഷ താപനിലയുമെല്ലാം വിശദീകരിച്ചശേഷമാണ് വിദ്യാര്‍ഥികളോട് ഈ ചോദ്യത്തിന് ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൗതുകമുണർത്തുന്ന ചോദ്യ പേപ്പറിന്റെ സ്ക്രീന്‍ ഷോട്ട് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ഐസിസി ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പതിവിന് വിരുദ്ധമായി ഇന്നലെ മുംബൈക്കെതിരെ നടന്ന ആദ്യ എലിമിനേറ്ററില്‍ ടോസ് നേടിയ ധോണി പക്ഷെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറില്‍ 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈയാവട്ടെ അനായാസം വിജയം നേടി ഫൈനലിലെത്തുകയും ചെയ്തു.