മുഖ്യമന്ത്രിയും ധനമന്ത്രിയും തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി ശ്രീധരൻ പിള്ള

single-img
8 May 2019

മുഖ്യമന്ത്രി പിണറായിവിജയനും ധനമന്ത്രി തോമസ് ഐസക്കും തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.
തനിക്കെതിരെ ദുരുദ്ദേശ്യപരമായ അപകീർത്തി പ്രചാരണത്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തിന് തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന്‍റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും പ്രളയത്തിന്‍റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ള സംസ്ഥാന വികസനം തടയാൻ ശ്രമിക്കുന്ന സാഡിസ്റ്റ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു.

സംസ്ഥാനത്തിന്റെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. എറണാകുളത്തെ ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

സംസ്ഥാനത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻറെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു തോമസ് ഐസക്കിന്‍റെ വിമർശനം. എന്നാൽ,
പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണം എന്നത് സ്റ്റാലിൻ ട്രോട്സ്കിയെപ്പറ്റി പറഞ്ഞതാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത് കേരളത്തിൽ നടപ്പാക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്.

ലോക്സഭാതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സിപിഎമ്മിന് തിരിച്ചടി നേരിടും എന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ തടയാനാണ് തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ഇരുവരും ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. ഒരുപക്ഷെ ശ്രീധരൻ പിള്ള എന്ന വ്യക്തിയെ തകർക്കാനും അപകീർത്തിപ്പെടുത്താനും ഇതുകൊണ്ട് സാധിച്ചേക്കാം. താൻ ഒരിക്കലും വികസനത്തിന് എതിരുനിന്നിട്ടില്ല. ദേശീയ പാത വികസനത്തിന്‍റെ കാര്യത്തിൽ അനാവശ്യ വിവാദമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉണ്ടാക്കുന്നതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.