ആർഎസ്എസ് (യോഹന്നാൻ വിഭാഗം) Vs ആർഎസ്എസ് (പാഗൻ) : കാവിപ്പടയുടെ ഓൺലൈൻ ആഭ്യന്തരയുദ്ധം

single-img
8 May 2019

“പൂരവും കഴിഞ്ഞു വെടിക്കെട്ടും തീർന്നു, ഇനി ഞങ്ങൾ നിക്കണോ അതോ പോണോ” എന്നമട്ടിലാണ് കേരളത്തിലെ ആചാര സംരക്ഷകരായ കുലസ്ത്രീകളും ആഢ്യപുരുഷന്മാരും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പടനയിച്ച് ജയിൽവാസവും കഴിഞ്ഞുവന്ന സംഘപരിവാറുകാർ ഫെയ്സ്ബുക്കിൽ കയറിയപ്പോൾ കാണുന്നത് സംഘപരിവാറുകാരുടെ ചക്കളത്തിപ്പോര്.

ആചാര സംരക്ഷകരായ പദ്മാ പിള്ളയും ശങ്കു ടി ദാസുമടങ്ങുന്ന ഓൺലൈൻ പോരാളികളുടെ നിര ഒരുവശത്തും വേദിക് ഹിന്ദുത്വത്തിന്റെ വക്താക്കളായ ജനം ടിവി പ്രോഗ്രാം ഹെഡ് മനോജ് മനയിൽ അടങ്ങുന്ന ഔദ്യോഗിക ആർഎസ്എസ് വിഭാഗം മറുവശത്തും അണിനിരന്നതോടെ ആൾക്കൂട്ടത്തിൽ കൈവിട്ടുപോയ കുട്ടിയുടെ അവസ്ഥയിലാണ് നിലമ്പൂരിലും എടപ്പാളിലും നിന്ന് ഓടി രക്ഷപ്പെട്ട് ഫെയ്സ്ബുക്കിലെത്തിയ സാധാ ആർഎസ്എസുകാർ.

നാമജപസമരകാലത്ത് സമരഭടന്മാർ തുണിപൊക്കിക്കാട്ടിയത് നാട്ടുകാരെ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ അവർ അത് പരസ്പരം ചെയ്യുകയാണ്. നാമജപക്കാരെ കമ്മ്യൂണിസ്റ്റുകാർ തെറിജപക്കാരെന്ന് വിളിച്ചിരുന്നത് ശരിയാണെന്ന് അവർ ഫെയ്സ്ബുക്കിൽ തെളിയിക്കുകയാണ്. ഇത്തവണ സംഗതി തെറിയുടെ ജെല്ലിക്കെട്ടല്ല, പകരം തൊഴുത്തിൽക്കുത്താണ്. പുറത്തു നിൽക്കുന്നവർ സെയ്ഫാണ്. വെറുതെ കടലയും കൊറിച്ച് കണ്ടിരിക്കാം.

മനോജ് മനയിലും കൂട്ടരും അന്നുമിന്നും സ്ത്രീപ്രവേശനത്തിനനുകൂലമാണ്. ആർഎസ്എസിന്റെ ബൌദ്ധികവിഭാഗം (sic) തലവന്മാരെല്ലാം അനുകൂലമാണ്. ടിജി മോഹൻദാസിനെപ്പോലെയുള്ളവർ ട്വിറ്ററിൽ ഇരുന്ന് നാമജപക്കാരെ നോക്കി ഊറിച്ചിരിക്കുകയായിരുന്നു. യുവ സംഘപരിവാറുകാരുടെ ആവേശവും ആശയുമായ കെ സുരേന്ദ്രൻ പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെപ്പറ്റി ഒരു വ്യാകുലതയുമില്ലാതെ തുടരുകയായിരുന്നു.

അപ്പോഴാണ് സുവർണ്ണാവസരം വന്നത്. ഉണ്ടോണ്ടിരുന്ന നായർക്ക് പെട്ടെന്നൊരു വിളിവന്നു എന്നാണ് പറയാറ്‌. പക്ഷേ ഇവിടെ വിളിവന്നത് പിള്ളയ്ക്കാണ്. ശ്രീധരൻ പിള്ളയ്ക്ക്. വെറുതേയങ്ങ് വിളിവന്നതല്ല. ശബരിമലയിലെ ഗോൾ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് പ്രതീഷ് വിശ്വനാഥന്റെയും ശ്രീരാജ് കൈമളിന്റെയും നേതൃത്വത്തിൽ തൊഗാഡിയയുടെ അന്താരാഷ്ട്ര ഹിന്ദുപ്പിള്ളേർ പന്തുമായി ഓടിവരുന്നത് കണ്ടപ്പോഴാണ് പിള്ളയ്ക്ക് ബുദ്ധിയുദിച്ചത്. ഒരു നിലപാട് സ്വീകരിക്കാൻ വൈകിക്കൂടായെന്ന് പിള്ളയ്ക്ക് തോന്നി. പിന്നെയങ്ങോട്ട് നിലപാടുകളുടെ ഒരു ഘോഷയാത്രയായിരുന്നു. ബാക്കിയൊക്കെ ചരിത്രം.

പെരുന്നയിലെ പോപ്പും കൂടി കളത്തിലിറങ്ങിയതോടെ കളിമാറി. സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റും ഡിലീറ്റ് ചെയ്ത് സുരേന്ദ്രൻ നേരെ പത്തനംതിട്ടയ്ക്ക് വണ്ടിയും കയറി. മണ്ഡലക്കാലത്ത് പൂജപ്പുര സെണ്ട്രൽ ജയിലിൽ ഭജനമിരുന്ന സുരേന്ദ്രൻ പിന്നെ പൊങ്ങിയത് തെരെഞ്ഞെടുപ്പിനാണ്. താടിയും കറുത്ത വസ്ത്രവുമൊക്കെയായി കളം നിറഞ്ഞാടിയ സുരേന്ദ്രനെ സുകുമാരൻ നായർക്ക് അത്ര പഥ്യമായില്ലെങ്കിലും കേരളത്തിലെ മുഴുവൻ നാമജപക്കാരും പ്രചരണത്തിനായി പത്തനം തിട്ടയിൽ തമ്പടിച്ചു. പുറത്തുനിന്നുള്ളവർക്ക് പത്തനംതിട്ടയിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന യാഥാർത്ഥ്യം വേദനയോടെ തിരിച്ചറിഞ്ഞ അവർ ഇലക്ഷനായപ്പോൾ അവരവരുടെ മണ്ഡലങ്ങളിലേയ്ക്ക് തിരിച്ചുപോകുകയും ചെയ്തു.

നിലയ്ക്കലെ അഡ്വഞ്ചറസ് ട്രെക്കിംഗും അയ്യപ്പജ്യോതിയും മാളികപ്പുറത്തിന്റെ തലയിൽ തേങ്ങായടിക്കലും എടപ്പാളിലെ കൂട്ടയോട്ടവുമൊക്കെയായി ഒരു മണ്ഡലക്കാലവും ഒരു ലോകസഭാ തെരെഞ്ഞെടുപ്പും കഴിഞ്ഞുപോയപ്പോഴാണ് ജനം ടിവിയുടെ പ്രോഗ്രാം ഹെഡ് അടക്കമുള്ള കോർ സംഘികൾക്ക് സ്വന്തം സ്വത്വം ഓർമ്മ വന്നത്. ആർഎസ്എസിന്റെ താത്വികാചാര്യൻ ആർ ഹരിയാണെങ്കിൽ ഒരു പുസ്തകം തന്നെയങ്ങ് ഇറക്കിക്കളഞ്ഞു. നമ്മുടെ മല്ലു പോസ്റ്റ് മോഡേണിസ്റ്റുകളുടെ ഭാഷയിൽപ്പറഞ്ഞാൽ മുഴുവൻ ആചാരസംരക്ഷരുടേയും കുലസ്ത്രീകളുടെയും ഏജൻസി തന്നെയങ്ങ് “റദ്ദ്” ചെയ്തുകളയുന്ന ഒരു പുസ്തകം. പുസ്തകത്തിന്റെ പേരാണെങ്കിൽ “മാറ്റുവിൻ ചട്ടങ്ങളേ”യെന്നും !!!

പോരേ പൂരം… ശബരിമലയിൽ കർസേവയ്ക്ക് പോയ ശങ്കു ടി ദാസ് അടക്കമുള്ളവർ കളത്തിലിറങ്ങി. ഇതാ വരുന്നു ആരോപണം. ശബരിമലയിലെ സ്ത്രീ പ്രവേശനം കെപി യോഹന്നാന്റെ ഗൂഢാലോചനയാണത്രേ!!!! (കേശവൻ മാമന് മരണമില്ല. ജീവിക്കുന്നു വാട്സാപ്പിലൂടെ.)

“നിങ്ങൾ സംഘികൾ കേരള കോൺഗ്രസുകാരെപ്പോലെ തമ്മിലടിക്കുന്നതിന് നസ്രാണിയായ ഞാനെന്നാ ചെയ്യാനാടാ ഉവ്വേ”യെന്ന് യോഹന്നാൻ ചോദിക്കുമായിരിക്കും. പക്ഷേ ഇതു കളിവേറെയാണ്. കെപി യോഹന്നാന് പത്തനംതിട്ടയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് കയ്യേറ്റമാണെന്നും അതിന്റെ ഹൈക്കോടതിയിലെ കേസ് വാദിക്കുന്ന വക്കീലായ രംഗ ധനഞ്ജയ ഷേണായി നമ്മുടെ താത്വികാചാര്യന്റെ അനിയനാണെന്നുമാണ് ശങ്കു ആരോപിക്കുന്നത്. മാത്രമല്ല ഈ ഷേണായി സഹോദരന്മാർ കേരളീയ താന്ത്രിക പദ്ധതിയിൽ യാതൊരു വിശ്വാസവുമില്ലാത്ത ഗൌഡസാരസ്വത ബ്രാഹ്മണന്മാരാണ് (ജിഎസ്ബി) എന്നാണ് ശങ്കുവിന്റെ പരിഭവം.

പോരുമുറുകുമ്പോൾ മനോജ് മനയിൽ രൂ‍ക്ഷമായ സംസ്കൃതവും മണിപ്രവാളവും ചമ്പുവും ഒക്കെ ഉപയോഗിച്ച് അസഭ്യവർഷം തുടങ്ങി. ശങ്കു ടി ദാസും പദ്മാ പിള്ളയുമൊക്കെയടങ്ങുന്ന റെഡി ടു വെയിറ്റ് ടീം ആണ് പ്രധാന ഇരകൾ. ഒറ്റവായനയിൽ ഏതോ യാഗത്തിന്റെ മന്ത്രം എഴുതിവെച്ചതാണെന്നേ തോന്നുള്ളൂവെങ്കിലും സംഗതി പച്ച അശ്ലീലമാണ്. എടപ്പാൾ സ്റ്റേഷനിൽ ബൈക്ക് സമർപ്പിച്ച നാമജപക്കാർ ആദ്യമൊക്കെ പല്ലിറുമ്മി മിണ്ടാതിരുന്നെങ്കിലും പിന്നീട് കമന്റ് ബോക്സിലും പോസ്റ്റിലുമൊക്കെയായി മനോജിനെ അറഞ്ചം പുറഞ്ചം തെറിവിളിച്ചു. ഇത്തവണ ഗ്രേഡ് മണിപ്രവാളമല്ല, നല്ലൊന്നാന്തരം പച്ചമലയാളം !!! തോലൻ അവരോട് പൊറുക്കട്ടെ.

സംഗതി നമ്പൂര്യാരും പട്ടന്മാരും ഒരു വശത്തും കൊങ്കിണി ജിഎസ്ബിക്കാർ മറുവശത്തും നിന്നുള്ള പോരാണ്. വടക്കേ ഇന്ത്യൻ ആർഎസ്എസ് വിഭാവനം ചെയ്യുന്ന വേദത്തിലധിഷ്ഠിതമായ പാൻ ഹിന്ദുത്വം ഉയർത്തിപ്പിടിച്ച് ജിഎസ്ബിക്കാരും കേരളത്തിലെ പ്രബലമായ ആരാധനാരീതിയായ താന്ത്രിക ഹിന്ദുത്വം ഉയർത്തിപ്പിടിച്ച് നമ്പൂതിരി-പട്ടർ വിഭാഗക്കാരും തമ്മിലടിക്കുമ്പോൾ കൂട്ടുവിട്ടുപോയ കുട്ടിയുടെ അവസ്ഥയിലാണ് അയ്യപ്പജ്യോതിയ്ക്ക് ആളെക്കൂട്ടാൻ പുൽവേരുതലത്തിൽ പണിയെടുത്ത നായർ-മറ്റുപിന്നോക്ക സംഘികൾ. എങ്കിലും മലയാള ബ്രാഹ്മണന്റെ കൂടെനിൽക്കാനല്ലേ മലയാള ശൂദ്രർക്ക് കഴിയൂ. അതുകൊണ്ട് നിലവിൽ നാമജപക്കാരുടെയൊപ്പം ആളുകൂടുതലാണ്. പക്ഷേ തങ്ങൾ പതുക്കെ അനൌദ്യോഗികമാകുന്നുവെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നു.

അങ്ങനെ ഔദ്യോഗിക ആർഎസ്എസുകാർ “യോഹന്നാൻ” പക്ഷവും ആചാരസംരക്ഷണക്കാർ “പാഗനും” ആകുന്ന കാഴ്ചയാണ് സുക്കർബർഗിന്റെ പ്രപഞ്ചത്തിൽ കാണുന്നത്. പാഗൻ എന്നാൽ ബഹുദൈവാരാധകരും വിഗ്രഹാരാധകരുമായ വിഭാഗം എന്നർത്ഥം.

ശബരിമലയിൽ കയറിയ ബിന്ദുവിനെയും കനകലതയേയുമെല്ലാം ആർഎസ്എസുകാർ പുറകേനടന്ന് വിളിച്ചതിനേക്കാൾ ഗ്രേഡ് കൂടിയ തെറികളാണ് ഇപ്പോൾ നാമജപ കുലസ്ത്രീകളെ മനോജ് മനയിൽ അടക്കമുള്ളവർ സംസ്കൃതത്തിൽ വിളിക്കുന്നത്. ദോഷം പറഞ്ഞുകൂടല്ലോ ഒരു സ്ത്രീയോട് വിയോജിപ്പുണ്ടെന്ന് കരുതി അവരുടെ മാതൃത്വത്തെ ഒക്കെ അപമാനിച്ച് ഇത്തരം അസഭ്യം പറയുന്നത് ഒരുതരം മനോരോഗം തന്നെയാണ്. പിന്നെ ജനം ടിവിയുടെ പ്രോഗ്രാം ഹെഡിനെ പൊളിറ്റിക്കൽ കറക്ട്നെസ് പഠിപ്പിക്കുന്നതൊക്കെ വലിയ ടാസ്കായതുകൊണ്ട് അതിനു മുതിരേണ്ടതില്ല.

“യോഹന്നാൻ” പക്ഷത്തിന്റെ തെറിവിളികണ്ട് കണ്ണു തള്ളിയ പദ്മാ പിള്ള എന്ന “റെഡി ടു വെയിറ്റ്“ പോരാളി ഒരു കുറ്റസമ്മതവും നടത്തിക്കളഞ്ഞു. ശബരിമലയിൽ പാഗൻസിനെ ബൂട്ടിട്ട് ചവിട്ടുകൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പക്ഷേത്രത്തിലോ അവിടുത്തെ ആഗമതന്ത്രങ്ങളിലോ ഉള്ള വിശ്വാസകൊണ്ടോ അല്ല, മറിച്ച് പിണറായിയെ എതിർക്കാൻ വേണ്ടി മാത്രമായിരുന്നു എന്നാണ് പദ്മാ പിള്ള കണ്ടെത്തിയിരിക്കുന്നത്. ആഹാ നല്ല ഫ്രെഷ് കണ്ടുപിടുത്തം തന്നെ…

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ മണ്ഡലക്കാലത്ത് ചാനൽ സ്റ്റുഡിയോകളിൽ യുദ്ധം നയിച്ച ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവൊക്കെ ഇപ്പോൾ സ്ത്രീകളെ തടയുന്നത് ദുരാചാരമാണെന്ന് പറയുന്നു. സംഗതിനടപ്പാക്കിയത് പിണറായിയായതുകൊണ്ട് മാത്രമാണത്രേ അവരൊക്കെ എതിർത്തത് !!! വേറേ പരിഭവമൊന്നും അവർക്കില്ല. അല്ല സാർ, അപ്പോൾ എടപ്പാൾ സ്റ്റേഷനിലിരിക്കുന്ന സുമേഷ് കാവിപ്പടയുടെ ബൈക്ക്?