അഴിമതിയേയും തൊഴിലില്ലായ്മയേയും നേരിടേണ്ട 56 ഇഞ്ചുകാരൻ ബോക്സർ തന്റെ കോച്ച് അദ്വാനിയെ ഇടിച്ചു: മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി

single-img
6 May 2019

പ്രധാനമന്ത്രി നരേന്ദ മോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതിയെയും തൊഴിലില്ലായ്മയേയും നേരിടാൻ റിംഗിലിറങ്ങിയ മോദിയെന്ന ബോക്സർ തിരിഞ്ഞ് നിന്ന് ഇടിച്ചത് തന്റെ കോച്ചായ അദ്വാനിയെത്തന്നെ ആയിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ ഭിവാനിയിൽ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.

“കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇന്ത്യ റിംഗിൽ ഒരു ബോക്സറെ ഇറക്കി. നരേന്ദ്രമോദിയെന്ന 56 ഇഞ്ച് നെഞ്ചുവിരിവുള്ള ബോക്സർ റിംഗിൽ നിന്നു. റിംഗിൽ മറ്റു ബോക്സർമാരായ തൊഴിലില്ലായ്മ, അഴിമതി, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ മോദിയ്ക്കെതിരെ നിന്നു. മോദിയുടെ കോച്ച് അദ്വാനി, ടീമിൽ നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റിലി എന്നിവർ നിരന്നു നിൽക്കുന്നു.” രാഹുൽ മോദിയുടെ ഭരണകാലത്തെ ഒരു ബോക്സിംഗ് മത്സരത്തോടുപമിച്ച് കഥപോലെ വിവരിച്ചു.

“കാണികളായ ഇന്ത്യാക്കാർ ആർത്തുവിളിച്ചു. തൊഴിലില്ലായ്മയെ ഇടിക്കൂ..കർഷകരുടെ പ്രശ്നങ്ങളെ ഇടിക്കൂ.. പക്ഷേ മോദിജി തിരിഞ്ഞ് നടന്ന് നേരെ ചെന്നു അദ്വാനിയുടെ മോന്തയ്ക്കിട്ട് ഒറ്റയിടി..ബാംഗ് !!!.. അദ്വാനി താഴെ വീണു. എന്നിട്ട് പുറകിലേയ്ക്ക് ചെന്ന് ഗഡ്കരിയ്ക്കും അരുൺ ജെയ്റ്റ്ലിയ്ക്കുമിട്ട് കൊടുത്തു. ധാഢ്..ധാഢ്..ധാഢ്…“ രാഹുൽ തുടർന്നു.

“എന്നിട്ടദ്ദേഹം റിംഗിൽ നിന്നിറങ്ങിയോടി. ആളുകൾ അമ്പരന്നു. ഇദ്ദേഹം എന്തു ചെയ്യാൻ പോകുകയാണ്? കാണികൾക്കിടയിലെത്തിയ മോദി ആദ്യം ചെറുകിട കച്ചവടക്കാരെ പിടികൂടി..കൊടുത്തു മുഖം നോക്കി നല്ല ഇടി. ധാഢ്..ധാഢ്..ഒരെണ്ണം നോട്ട് നിരോധനം..മറ്റൊന്ന് ഗബ്ബർ സിംഗ് ടാക്സ്.. പിന്നീടദ്ദേഹം കർഷകരുടെ നേരെ തിരിഞ്ഞു. കർഷകർ പറഞ്ഞു. ഭയ്യാ അങ്ങ് റിംഗിലേയ്ക്ക് പോകൂ. കൊടുത്തു കർഷകരുടെ മുഖത്തിനിട്ട് നല്ല ഇടി. “

“ആളുകൾ അമ്പരന്നു. ഈബോക്സറെ മനസിലാകുന്നതേയില്ലല്ലോ. ഇങ്ങേർ ഈ റിംഗിൽ എന്തിനു വേണ്ടിയാണ് പൊരുതുന്നത്?”

ന്രേന്ദ്ര മോദി സർക്കാരിന്റെ കർഷക ദ്രോഹ നടപടികളേയും നോട്ടു നിരോധനം പോലെ ചെറുകിടകച്ചവടക്കാരെ ദോഷകരമായി ബാധിച്ച സാമ്പത്തിക നയങ്ങളെയും രസകരമായി അവതരിപ്പിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കൂട്ടത്തിൽ ബിജെപിയിലെ ഉൾപ്പോരും കൂടി വിശദീകരിച്ചു.

ഹരിയാനയിലെ പത്തുലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് ഭിവാനി-മഹേന്ദ്രഗഢ്. 2014-ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ ധരംബീർ ആണ് ഇവിടെനിന്നും വിജയിച്ചത്. കോൺഗ്രസിന്റെ ശ്രുതി ചൌധരിയാണ് ഇത്തവണ ധരംബീറിനെതിരെ മത്സരിക്കുന്നത്.