ഐസിസിനെ ഇന്ത്യയിൽ ശക്തിപ്പെടുത്താൻ ശ്രമിച്ചു; മൂന്നു മലയാളികൾക്കെതിരെ കേസ്

single-img
6 May 2019

ഐസിസിനെ ഇന്ത്യയിൽ ശക്തിപ്പെടുത്താൻ വേണ്ടി പരിശ്രമിച്ചെന്ന് കാട്ടി മൂന്ന് മലയാളികളെക്കൂടി ദേശീയ അന്വേഷണ ഏജൻസി പ്രതി ചേർത്തു. കരുനാഗപ്പള്ളി സ്വദേശിയായ മുഹമ്മദ് ഫൈസൽ കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ധീക്, അഹമ്മദ് അറാഫാസ് എന്നിവരെയാണ് ഐസിസ് തീവ്രവാദക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരൻ സഹ്റാൻ ഹാഷിമുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു. കേരളത്തിൽ ആക്രമണം നടത്താൻ ഇയാൾ ഉദ്ദേശിച്ചിരുന്നുവെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു. റിയാസിന്റെ അടുത്ത അനുയായികളും സഹായികളുമാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്ന മലയാളികൾ.

കേരളത്തിൽ നിന്നും സിറിയയിലെത്തി ഐസിസിൽ ചേർന്ന അബ്‌ദുൽ റാഷിദുമായി ഇവർ ഗൂഢാലോചന നടത്തിയതായും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻഐഎ ആരോപിക്കുന്നു. എന്നാൽ ഇപ്പോൾ ഇവർ എവിടെയാണെന്നോ ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാൻ എൻഐഎ വൃത്തങ്ങൾ തയ്യാറായില്ല.

തമിഴ്നാട്ടിൽ ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ റെയ്ഡിന് പിന്നാലെ 65ൽ അധികം മലയാളികൾ നിരീക്ഷണത്തിലാണെന്ന് സൂചന. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന മലയാളികളാണ് എൻഐഎയുടെ നിരീക്ഷത്തിലുള്ളതെന്നും സൂചനകളുണ്ട്. ഇവിടെ നടത്തിയ റെയ്ഡിൽ സഹ്രാൻ ഹാഷ്‌മിന്റെ വീഡിയോകൾ പിടിച്ചെടുത്തിട്ടുണ്ട്.