വിജിലന്‍സ് കേസ് എന്ന പ്രഹസനം ഇനിയും വേണ്ട സുധാകരന്‍ മന്ത്രി; ഇബ്രാഹിം കുഞ്ഞിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?: ഹരീഷ് വാസുദേവൻ

single-img
5 May 2019

ഗതാഗതത്തിനു വേണ്ടി തുറന്നു കൊടുത്തു മൂന്നുവര്‍ഷം തികയും മുമ്പേ അറ്റകുറ്റപ്പണിക്കായി പാലാരിവട്ടം മേല്‍പ്പാലം അടച്ചിട്ട സംഭവത്തില്‍  Facebook കുറിപ്പുമായി അഡ്വ.ഹരീഷ് വാസുദേവൻ. 10 വര്‍ഷത്തേക്ക് പോലും മെയിന്റനന്‍സ് കരാര്‍ ഇല്ലാതെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം എങ്ങനെ കരാറുകാരന് നല്‍കി എന്ന ചോദ്യവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

‘മുന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെതിരെയും അന്നത്തെ പിഡബ്ല്യൂഡി സെക്രട്ടറിയ്ക്ക് എതിരെയും എന്തുകൊണ്ട് കേസെടുക്കുന്നില്ല? ആരൊക്കെയാണ് കരാറുകാര്‍? ടി ഒ സൂരജിന് എതിരായ പഴയ കേസുകള്‍ എന്തായി?’ – ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിലൂടെ ചോദിച്ചിരിക്കുന്നത്.

‘വിജിലന്‍സ് കേസ് എന്ന പ്രഹസനം ഇനിയും വേണ്ട സുധാകരന്‍ മന്ത്രീ. അത് എങ്ങുമെത്താതെ വിജിലന്‍സ് അവസാനിപ്പിക്കും. അപകടമുണ്ടാക്കും വിധം മോശം റോഡ് പണിതത്തില്‍ വീഴ്ച വരുത്തിയതിനു ക്രിമിനല്‍ കേസെടുക്കണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണം. റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സബ്‌ടെന്‍ഡര്‍ കൊടുക്കുന്ന പരിപാടി നിര്‍ത്തണം.’- ഹരീഷ് വാസുദേവന്‍ കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

100 വര്‍ഷം പഴക്കമുള്ള കോട്ടയം നാഗമ്പടം മേല്‍പ്പാലം ബോംബിട്ടു തകര്‍ക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ട കാഴ്ച നമുക്കു മുന്‍പില്‍ ഉള്ളപ്പോഴാണ് പാലാരിവട്ടം ഹൈവേ മേല്‍പ്പാലം 2 വര്‍ഷം കൊണ്ട് കേടായത് !!

100 കോടിരൂപ മുടക്കി പണിത ഹൈക്കോടതി കെട്ടിടം 10 വര്‍ഷത്തിനുള്ളില്‍ പലയിടത്തും പൊളിഞ്ഞു തുടങ്ങി, ബലക്ഷയം. മിക്കപ്പോഴും പ്രവര്‍ത്തിക്കാത്ത എസ്‌കലേറ്ററും ലിഫ്റ്റുകളും.

10 വര്‍ഷത്തേക്ക് പോലും maintenance കരാര്‍ ഇല്ലാതെ പാലാരിവട്ടം മേല്‍പ്പാല കരാറുകാരന് സര്‍ക്കാര്‍ എങ്ങനെ കരാര്‍ നല്‍കി? PWD മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെതിരെയും PWD സെക്രട്ടറിയ്ക്ക് എതിരെയും എന്തുകൊണ്ട് കേസെടുക്കുന്നില്ല? ആരൊക്കെയാണ് കരാറുകാര്‍? TO സൂരജിന് എതിരായ പഴയ കേസുകള്‍ എന്തായി?

വിജിലന്‍സ് കേസ് എന്ന പ്രഹസനം ഇനിയും വേണ്ട സുധാകരന്‍ മന്ത്രീ. അത് എങ്ങുമെത്താതെ വിജിലന്‍സ് അവസാനിപ്പിക്കും. അപകടമുണ്ടാക്കും വിധം മോശം റോഡ് പണിതത്തില്‍ negligence നു ക്രിമിനല്‍ കേസെടുക്കണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണം. റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സബ്‌ടെന്‍ഡര്‍ കൊടുക്കുന്ന പരിപാടി നിര്‍ത്തണം. പറ്റുമോ? പാലത്തില്‍ ഇപ്പോള്‍ മുടക്കേണ്ടി വരുന്ന പണം വീഴ്ചവരുത്തിയവരില്‍ നിന്ന് ഈടാക്കാന്‍ നിയമനടപടി ആരംഭിക്കുമോ? ആര്, എപ്പോ, എങ്ങനെ ഇത് മോണിറ്റര്‍ ചെയ്തു ജനങ്ങളെ അറിയിക്കും?

എന്ന്, ഹൈക്കോടതി കെട്ടിടം ഇടിഞ്ഞു തലയില്‍ വീഴില്ലെന്ന വിശ്വാസത്തില്‍ എന്നും അവിടെ ജോലിക്ക് പോകുന്ന ഒരു പൗരന്‍.