പിലാത്തറ കള്ളവോട്ട്: സിപിഎമ്മിനെ പിന്തുണച്ച് കെ സുധാകരൻ; മീണയുടേത് തിരക്കിട്ട തീരുമാനം

single-img
2 May 2019

പിലാത്തറ കള്ളവോട്ട് പരാതിയിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന സിപിഎം ആരോപണം ശരിവച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. വിഷയത്തിൽ ടീക്കാറാം മീണ തീരുമാനമെടുത്തത് ധൃതിയിലാണെന്ന് കെ.സുധാകരൻ ആരോപിച്ചു.

കണ്ണൂരിൽ കള്ളവോട്ട് നിർത്താൻ യുഡിഎഫ് തയ്യാറായാൽ സിപിഎമ്മും അതിന് തയ്യാറുണ്ടോയെന്നും സുധാകരൻ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് സുധാകരന്റെ ഈ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തി.

പരിയാരം പിലാത്തറ യുപി സ്കൂളിലെ 19-ാം ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ചെറുതാഴം പഞ്ചായത്ത് അംഗം സലീന, മുൻ പഞ്ചായത്ത് അംഗം സുമയ്യ, പത്മിനി ദേർമാൽ എന്നിവർക്കെതിരെയാണു കേസെടുത്തത്. ഐപിസി 171 സി, 171 ഡി, 17 ഇ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. സലീനയുടെ പ‍ഞ്ചായത്ത് അംഗത്വം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും മീണ അറിയിച്ചിരുന്നു.

കല്യാശേരി പുതിയങ്ങാടിയിൽ ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്തെന്ന പരാതിയിൽ കാസർഗോഡ് കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കള്ള വോട്ട് ചെയ്തെന്ന് കണ്ടെത്തിയ മുഹമ്മദ് ഫായിസിൽ നിന്നും ആഷിഖിൽ നിന്നും വിശദീകരണം കേട്ട ശേഷമാണ് റിപ്പോർട്ട് നൽകുക. അതേ സമയം തൃക്കരിപ്പൂർ ചീമേനി 48 ആം ബൂത്തിൽ കള്ള വോട്ട് ചെയ്തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല.