‘എഴുന്നേല്‍ക്കാന്‍ വൈകിപ്പോയതിനാൽ സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിഞ്ഞില്ല’: തൃണമൂല്‍ സ്ഥാനാര്‍ത്ഥി മൂണ്‍മൂണ്‍സെന്‍

single-img
29 April 2019

തെരഞ്ഞെടുപ്പ് ദിവസം സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതെ പോയതിന് ബെഡ് കോഫിയെ കുറ്റം പറഞ്ഞ് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മൂണ്‍മൂണ്‍സെന്‍. ബെഡ് കോഫി സമയത്തിന് ലഭിക്കാഞ്ഞതിനാല്‍ താന്‍ എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി എന്നാണ് മൂണ്‍മൂണ്‍ സെന്‍ പറ‌ഞ്ഞത്.

“അവരെനിക്ക് വളരെ വൈകിയാണ് ബെഡ്കോഫി തന്നത്. അതുകൊണ്ട് ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി. എന്താണ് പറയേണ്ടത്, എനിക്കറിഞ്ഞു കൂടാ.” സംഘര്‍ഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മൂണ്‍മൂണ്‍ സെന്നിന്‍റെ മറുപടി ഇങ്ങനെയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെയാണ് ബംഗാളിലെ അസൻസോൾ മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരക്ഷാജീവനക്കാരും തമ്മില്‍ പോളിംഗ് ബൂത്തിന് മുമ്പില്‍ ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ സിപിഎമ്മിന്റെ ഗൌരംഗോ ഛതോപാദ്ധ്യായയും ബിജെപിയുടെ ബാബുല്‍ സുപ്രിയോയും ആണ് മൂണ്‍മൂണ്‍സെന്നിന്‍റെ എതിരാളികൾ. സിറ്റിങ് എംപി കൂടിയായ സുപ്രിയോയുടെ കാറും സംഘര്‍ഷത്തിനിടെ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.