കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന ആരോപണം: കൂടുതൽ വൈദികരെ ചോദ്യം ചെയ്യും

single-img
29 April 2019

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിൽ കൂടുതൽ വൈദികരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഒരു വിഭാഗം വൈദികർ സിനഡിൽ അവതരിപ്പിച്ച രേഖകളുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം.

കര്‍ദ്ദിനാളിന്‍റെ പേരിലുണ്ടെന്ന് വാദിച്ച ബാങ്ക് അക്കൗണ്ട് രേഖകളാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. ഫാ.പോള്‍ തേലക്കാട്ടിന് ലഭിച്ച കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേകരിയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് സ്റ്റേറ്റ് മെന്റ് അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറി.മാര്‍ ജേക്കബ് മനത്തോടത്ത് ഇതിന്റെ ആധികാരികത പരിശോധിക്കാനായി മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കി.അദ്ദേഹം അത് സിനഡ് മുമ്പാകെ സമര്‍പ്പിക്കുകയും തനിക്ക് ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പോലിസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പൊലീസ് ഫാ.പോള്‍ തേലക്കാടിനെയും മാര്‍ ജേക്കബ് മനത്തോടത്തിനെയും പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തു.

എന്നാൽ തങ്ങള്‍ക്കു ലഭിച്ച രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനായി നല്‍കിയതാണെന്നും ഇതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നുമായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെയും ഫാ.പോള്‍ തേലക്കാടിന്റെയും വിശദീകരണം. ഇരുവരെയും പ്രതിയാക്കിയതിനെതിരെ ഫാദർ പോൾ തേലക്കാടും,ബിഷപ്പ് ജേക്കബ് മാനന്തോടത്തും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് പരാമർശിച്ച കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തയ്യാറായില്ല.

ചോദ്യം ചെയ്യേണ്ട പത്ത് വിമത വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. രേഖകള്‍ കൈമാറിയ ഫാ. പോള്‍ തേലക്കാട്ട്,മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് രേഖകള്‍ കൈമാറിയ മാര്‍ ജേക്കബ് മനത്തോടത് എന്നിവരില്‍ നിന്നും പോലിസ് മൊഴിയെടുക്കും. കര്‍ദ്ദിനാള്‍ വിരുദ്ധ നിലപാടുള്ള ചില സംഘടനാ നേതാക്കളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

നേരത്തെ സീറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.അങ്കമാലി സ്വദേശി പാപ്പച്ചന്റെ പരാതിയിലായിരുന്നു കോടതി നടപടി.

സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വില്‍പനയില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എറണാകുളം സെന്‍ട്രല്‍ പോലിസിനാണ് ഇതിന്റെ അന്വേഷണ ചുമതല.ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് എടുക്കാന്‍ തൃക്കാക്കരയും കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്.