കള്ളവോട്ട് വിവാദത്തില്‍ കൈവശമുള്ള തെളിവുകള്‍ കമ്മീഷന് നാളെ കൈമാറും: കെ സുധാകരന്‍

single-img
29 April 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നു എന്ന് സ്ഥിരീകരണം വന്നതിനു പിന്നാലെ , തുടർന്നുള്ള നിയമനടപടികൾക്കായി തന്റെ കൈവശമുള്ള വിവരങ്ങൾ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. സംസ്ഥാനത്തു കള്ളവോട്ട് നടന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് ഇന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നുവെന്നാണ് സ്ഥിരീകരണം. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകൾ കള്ളവോട്ട് ചെയ്തെന്ന് ടീക്കാറാം ഇന്ന് വൈകിട്ട് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിൽ, കള്ളവോട്ട് ചെയ്ത ഒരാളായ സലീന പഞ്ചായത്തംഗമാണ്. മറ്റൊരാളായ സുമയ്യ മുൻ പഞ്ചായത്ത് അംഗമാണെന്നും ടീക്കാറാം പറഞ്ഞു. ഇവർക്കെതിരെ കേസെടുക്കുമെന്നും മീണ പറഞ്ഞു.