രാഷ്ട്രീയത്തിലിറങ്ങിയാല്‍ തനിക്കൊപ്പം ജീവിക്കില്ലെന്നു ഭാര്യ മുന്നറിയിപ്പു നല്‍കി: രഘുറാം രാജൻ

single-img
27 April 2019

രാഷ്ട്രീയത്തിലിറങ്ങാൻ ഇല്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാഷ്ട്രീയത്തിലിറങ്ങിയാല്‍ തനിക്കൊപ്പം ജീവിക്കില്ലെന്നു ഭാര്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷിക്കാഗോ സര്‍വകലാശാല ലോ സ്‌കൂളില്‍ അധ്യാപികയായ രാധിക പുരിയാണു രഘുറാം രാജന്റെ ഭാര്യ.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

രാഷ്ട്രീയത്തിലേക്കില്ലെന്നു മാത്രമല്ല, അതിനോടു താല്‍പര്യവുമില്ല. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനും എന്നെ കിട്ടില്ല. വന്‍പ്രസംഗമൊക്കെ നടത്തി വോട്ടു പിടിക്കുന്ന പണി എനിക്കു പറഞ്ഞിട്ടുള്ളതല്ല. അക്കാദമിക് രംഗത്ത് അത്യാവശ്യം തിരക്കുള്ളയാണാണു ഞാന്‍. പുസ്തകമെഴുത്തുമൊക്കെയായി തുടരുന്നതിലാണു താല്‍പര്യം. അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ ആവശ്യപ്പെട്ടു സമീപിക്കുന്നവരെ സഹായിക്കാന്‍ സന്തോഷമേയുള്ളൂവെന്ന് രാജന്‍ പറഞ്ഞു

യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് എന്‍ഡിഎ സര്‍ക്കാരെന്നും രാജന്‍ അഭിപ്രായപ്പെട്ടു. യുപിഎ ഭരണകാലത്തെന്ന പോലെ ജിഎസ്ടി, ആധാര്‍ തുടങ്ങിയ വിഷയങ്ങള്‍ക്കു തന്നെയാണ് എന്‍ഡിഎയും പ്രാമുഖ്യം കൊടുത്തത്. ഈ സര്‍ക്കാര്‍ തുടര്‍ന്നാലും മറ്റൊന്നു വന്നാലും മുന്നിലുള്ള വെല്ലുവിളികള്‍ക്ക് ഒരേ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലുമാകും അടുത്ത സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജം ചെലവഴിക്കേണ്ടി വരികയെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.