ബാലക്കോട്ട് ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യോമസേന പുറത്തുവിടാത്തതിനു പിന്നിലെ രഹസ്യ ഇതാണ്

single-img
25 April 2019

പാകിസ്താനിലെ ബാലക്കോട്ടിൽ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദി പരിശീലന ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതിന്റെ തെളിവുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷവും മാധ്യമങ്ങളുമെല്ലാം ആവശ്യപ്പെടുമ്പോഴും അതു പുറത്തുവിടാത്തതിന്റെ കാരണം എന്താണെന്നത് വലിയ ചോദ്യമായി അവശേഷിക്കുകയായിരുന്നു. എന്നാൽ അതിന്റെ കാരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ദേശീയ മാധ്യമമായ എൻ ഡി ടിവി.

ലക്ഷ്യം ഭേദിക്കുന്നതിനൊപ്പം അതിന്റെ ലൈവ് വീഡിയോ ദൃശ്യങ്ങൾ അയയ്ക്കുക കൂടി ചെയ്യുന്ന ഇസ്രായേലി നിർമ്മിതമാ‍യ ക്രിസ്റ്റൽ മേയ്സ് മിസൈലുകൾ അന്ന് വ്യോമസേന ഉപയോഗിച്ചിരുന്നില്ല എന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്. പകരം മിറാഷ് 2000 വിമാനങ്ങളിൽ നിന്നും വർഷിച്ച അഞ്ച് സ്പൈസ് 2000 ഗ്ലൈഡ് ബോംബുകളാണു ലക്ഷ്യം ഭേദിച്ചതെന്ന് വ്യോമസേനയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായാണ് എൻ ദി ടിവിയുടെ റിപ്പോർട്ട്. നാലു കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഈ ബോംബുകൾ വർഷിച്ചത്. അവയിൽ മൂന്നും ലക്ഷ്യം കണ്ടതായും വ്യോമസേന വൃത്തങ്ങൾ അവകാശപ്പെടുന്നു.

സ്പൈസ് 2000 ബോംബുകളിൽ ലൈവ് വീഡിയോ ദൃശ്യങ്ങൾ അയയ്ക്കാനുള്ള സംവിധാനമില്ലാത്തതിനാൽ മറ്റൊരു ഏജൻസിയുടെ മിഴിവേറിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ബോംബുകൾ ലക്ഷ്യം കണ്ടതായി സേനാവൃത്തങ്ങൾ സ്ഥിരീകരിച്ചത്. എന്നാൽ ഈ ഏജൻസിയുമായുള്ള കരാർ പ്രകാരം ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്താൻ പാടില്ല. അതിനാലാണ് വ്യോമസേന ബാലക്കോട്ട് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കുന്നത്.

ആക്രമണ സമയത്ത് മേഘങ്ങൾ ധാരാളമുണ്ടായിരുന്നതിനാലാണ് ക്രിസ്റ്റൽ മെയ്സ് മിസൈലുകൾ ഉപയോഗിക്കാൻ കഴിയാതെ പോയതെന്നാണ് വ്യോമസേനാ വൃത്തങ്ങൾ പറയുന്നത്. ക്രിസ്റ്റൽ മെയ്സ് മിസൈലുകൾ കെട്ടിടത്തിന്റെ മുകളിലത്തെ നിലയും പിന്നാലെ വീഴുന്ന ഗ്ലൈഡ് ബോംബുകൾ താഴത്തെ നിലകളും തകർക്കുക വഴി മുഴുവൻ കെട്ടിടങ്ങളും തകർക്കുകയായിരുന്നു ഓപ്പറേഷനിലൂടെ ലക്ഷ്യമിട്ടതെന്നും വ്യോമസേനാവൃത്തങ്ങൾ പറയുന്നു.