മുസ്ലീങ്ങൾ വരില്ല; എന്നാൽ ക്രിസ്ത്യാനികൾ ഇത്തവണ ബിജെപിക്കൊപ്പം: വി മുരളീധരൻ

single-img
20 April 2019

മുസ്ലീങ്ങൾ വരില്ലെങ്കിലും കേരളത്തിലെ ക്രിസ്ത്യന്‍ സമുദായം ഇക്കുറി ബിജെപിയോടൊപ്പം നില്‍ക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ക്രിസ്ത്യന്‍ സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമങ്ങള്‍ക്ക് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്ലാണ് മുരളീധരന്‍ മനസ്സുതുറന്നത്. മുസ്ലിം സമുദായത്തിന് ബിജെപിക്കു വോട്ടു ചെയ്യുന്നതില്‍ ആശങ്കകളുണ്ടെന്നത് വസ്തുതയാണ്. അതിനു പല കാരണങ്ങളുണ്ട്. എന്നാല്‍ ക്രിസ്ത്യാനികളുടെ കാര്യം അങ്ങനെയല്ല. ക്രിസ്ത്യാനികളും ബിജെപിയുമായി ഒരു പ്രശ്‌നവുമില്ലെന്നും മുരളീധരൻ പിറഞ്ഞു.

ആശയപരമായി ഒരേ പക്ഷത്തു നില്‍ക്കുന്നവരാണ് ഞങ്ങള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ സൗഹൃദ നീക്കങ്ങളോട് അവര്‍ അനുകൂലമായാണ് പ്രതികരിച്ചത്. ക്രൈസ്തവ സമുദായത്തിന്റെ ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാരും അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്- മുരളീധരന്‍ പറഞ്ഞു.

മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മില്‍ പ്രകടമായ ചില അന്തരമുണ്ട്. ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ആഗോള ഭീകരതയുടെ ഇരയായ ക്രൈസ്തവ സമൂഹം അതിനെ അംഗീകരിക്കുന്നു. ക്രൈസ്തവ സമുദായത്തിലെ മത നേതാക്കളോ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ ഒരുകാലത്തും ഭീകരതയെ പിന്തുണച്ചു രംഗത്തുവന്നിട്ടില്ല. എന്നാല്‍ മുസ്ലിംകള്‍ പൊതുവേ ഭീകരതയെ പി്ന്തുണയ്ക്കുന്നില്ലെങ്കിലും ഒരു വിഭാഗം അങ്ങനെയല്ല. അവരിലെ മത, രാഷ്ട്രീയ നേതാക്കളില്‍ ഭീകരതയെ പിന്തുണയ്ക്കുന്നവരുണ്ട്. മുസ്ലിം ലീഗ് രഹസ്യമായി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.