താരങ്ങൾക്ക് വേണ്ടത് ഏകാഗ്രത; ലോകകപ്പ് ക്രിക്കറ്റിൽ കളിക്കാര്‍ക്കൊപ്പം കാമുകിമാരും ഭാര്യമാരും വേണ്ടെന്ന് ബിസിസിഐ തീരുമാനം

single-img
19 April 2019

ലണ്ടന്‍: ലണ്ടനിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടി ആഘോഷമാക്കാമെന്ന ഇന്ത്യന്‍ കളിക്കാരുടെ ആഗ്രഹത്തിന് തുടക്കത്തിലെ തടയിട്ട് ബിസിസിഐ. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ആദ്യ 20 ദിവസം ഇവരെ അനുവദിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം.
ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാര്‍ക്ക് മത്സരത്തില്‍ ഏകാഗ്രതയോടെ കളിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം.

ഈ വർഷം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഒന്നരമാസം നീണ്ടു നില്‍ക്കുന്നതാണ്. ടൂർണമെന്റിൽ ആരംഭം മുതല്‍ ഭാര്യമാരെ അനുവദിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണയായി വിദേശ പര്യടനങ്ങള്‍ക്കിടയില്‍ കളിക്കാര്‍ക്ക് പങ്കാളികളെ അനുദിക്കാറുണ്ട്. ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ഥനപ്രകാരമാണ് ബിസിസിഐ ഇതിന് അനുമതി നല്‍കിയത്.

പലപ്പോഴും ടീം മത്സരങ്ങളില്‍ തോല്‍ക്കുമ്പോള്‍ ഭാര്യമാര്‍ക്കൊപ്പമുള്ള ചുറ്റിയടി വാര്‍ത്തയാകാറുണ്ട്. എന്നാല്‍, അടുത്തകാലത്തായി ഇന്ത്യ വിദേശങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ ഇക്കാര്യം വിഷയമാകാറില്ല.
ഇത്തരത്തിലുള്ള വിവാദം ഒഴിവാക്കാന്‍ കൂടിയാണ് ഇത്തവണ ലോകകപ്പിന് ഭാര്യമാരെ അനുവദിക്കേണ്ടെന്ന തീരുമാനമെടുക്കാന്‍ കാരണം. അടുത്തമാസം 22നാണ് ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത്.

ഇക്കുറി ടീം അംഗങ്ങളുടെ പങ്കാളികളെ ടീം ബസ്സില്‍ യാത്ര ചെയ്യാനും അനുവദിക്കില്ല. അവർക്ക് വേണ്ടി മറ്റൊരു വാഹനം വേണമെന്ന നിലപാടിലാണ് ബിസിസിഐ. ടീമിന്റെ ബസ്സില്‍ ടീം അംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യാനാണ് നിര്‍ദ്ദേശം.