കെ സുധാകരൻ്റെ മുഖ്യശത്രു സ്ത്രീകളോ?; സുധാകരൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് ഉദാഹരണങ്ങൾ അനവധി

single-img
18 April 2019

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ സ്ത്രീ വിരുദ്ധ പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം.  കണ്ണൂരിലെ വോട്ടർമാരായ സ്ത്രീകളോട് മാപ്പ് പറയണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആവശ്യമുയരുന്നത്. എന്നാൽ ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ സുധാകരൻ നിന്നും വരുന്നത് ആദ്യമായിട്ടല്ല. സ്ത്രീകളെ പല സാഹചര്യത്തിലും ഇത്തരത്തിൽ കെ സുധാകരൻ വാക്കുകളിലൂടെ അപമാനിച്ചതായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

സുധാകരൻ ആദ്യ സ്ത്രീവിരുദ്ധ പരാമർശം  വാർത്തയാകുന്നത് 2013ലാണ്. സൂര്യനെല്ലി പെൺകുട്ടിക്കെതിരെ ആയിരുന്നു ആ പരാമർശം. സൂര്യനെല്ലി പെൺകുട്ടി നാടുനീളെ നടന്ന് വ്യഭിചരിച്ചെന്നും പെൺകുട്ടിക്ക് രക്ഷപെടാൻ നിരവധി അവസരം ലഭിച്ചിട്ടും രക്ഷപെട്ടില്ലെന്നും കെ സുധാകരൻ അന്ന് പറഞ്ഞിരുന്നു. വേശ്യാവൃത്തി നടത്തി പണം സമ്പാദിച്ചിട്ട് ചാനലുകാരോട് ഓരോന്ന് വിളിച്ചുപറയുന്നത് ശരിയല്ലെന്നായിരുന്നു സുധാകരന്റെ പ്രസ്താവന.

പിണറായി വിജയൻ മുഖ്യമന്ത്രിയായാൽ പെണ്ണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചെന്നും എന്നാൽ പെണ്ണുങ്ങളെക്കാൾ മോശമായാണ് പെരുമാറുന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു. ഈ വർഷം ജനുവരിയിൽ കാസർഗോഡ് സംഘടിപ്പിച്ച യുഡിഎഫ് യോഗത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

ആട്ടവും അശുദ്ധമാണെന്ന് സ്ത്രീവിരുദ്ധ പ്രസ്താവനയാണ് മറ്റൊന്ന്. ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്നയുടനെ ആർത്തവം അശുദ്ധിയാണെന്നും അത് താൻ ഉണ്ടാക്കിയതല്ല ഭരണഘടന ഉണ്ടാകുന്നതിനു മുമ്പുതന്നെയുള്ള വിശ്വാസമാണെന്നും കെ സുധാകരൻ പ്രസ്താവന നടത്തിയിരുന്നു.

വിവാഹേതര ബന്ധം കുറ്റകൃത്യമല്ലെന്നു വിധിച്ച സുപ്രീംകോടതി ജഡ്ജിയുടെ തലയ്ക്ക് വെളിവില്ലെന്നായിരുന്നു കെപിസിസി വർക്കിങ് പ്രസിഡന്റുകൂടിയായ കെ സുധാകരന്റെ നിലപാട്. ഭർത്താവിനെ വഞ്ചിക്കലാണോ ഭാര്യയുടെ കർത്തവ്യമെന്നും  കെ സുധാകരൻ ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു.