കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കല്ലാതെ വോട്ട് ചെയ്താല്‍ വോട്ടിംഗ് മെഷീനില്‍ നിന്നും വൈദ്യുത ഷോക്ക് ഏല്‍ക്കും; വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഢ് എംഎല്‍എ

single-img
17 April 2019

ഛത്തീസ്ഗഢ്: കോണ്‍ഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കും എന്ന വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഢ് എംഎല്‍എ കവാസി ലക്മ. ഛത്തീസ്ഗഢ് സംസ്ഥാനത്തെ കങ്കര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്ന് സംസാരിക്കുമ്പോഴായിരുന്നു ലക്മയുടെ പരാമര്‍ശം.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കല്ലാതെ വോട്ട് ചെയ്താല്‍ ഇലകട്രോണിക് വോട്ടിംഗ് മെഷീനില്‍ നിന്നും വൈദ്യുത ഷോക്ക് ഏല്‍ക്കുമെന്ന് എംഎല്‍എ പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നു.

പ്രസ്താവന വിവാദം ആയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. കങ്കർ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിരേഷ് ഠാക്കൂറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോണ്‍ഗ്രസിന് അല്ലാതെ ആരെങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് വോട്ടിങ് മെഷീനില്‍ നിന്നും വൈദ്യുത ഷോക്ക് ഏല്‍ക്കുമെന്ന് ലക്മ പറയുന്നതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
‘വോട്ടിങ് മെഷീനിലെ ആദ്യത്തെ ബട്ടണ്‍ അമര്‍ത്തി ബിരേഷ് ഠാക്കൂറിന് വോട്ട് രേഖപ്പെടുത്തണം. രണ്ടും മൂന്നും ബട്ടണുകളില്‍ വൈദ്യുത ഷോക്ക് ഉണ്ട്’- ലക്മ പറഞ്ഞു. പ്രസ്താവനയിൽ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.

നാളെയാണ് കങ്കറിലെ ആദ്യ ഘട്ട വോട്ടിങ്. അവസാന ഘട്ട വോട്ടിങ് ഏപ്രില്‍ 23-ന് നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസം ഖാന്‍ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.