തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക് നേരിട്ട യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഹനുമാൻ സ്തുതിയുമായി ക്ഷേത്രത്തിൽ

single-img
16 April 2019

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മത വിദ്വേഷ പ്രസം​ഗം നടത്തിയതിനെ തുടർന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിലക്ക് നേരിട്ട യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഹനുമാൻ സ്തുതിയുമായി ക്ഷേത്രത്തിൽ. ലഖ്നൗവില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിലാണ് ഹനുമാൻ സ്തുതിയുമായി യോ​ഗി എത്തിച്ചേർന്നിരിക്കുന്നത്.

പ്രതിപക്ഷത്തെ കോൺ​ഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കിൽ തങ്ങൾ വിശ്വസിക്കുന്നത് ബജ്രം​ഗ് ബാലിയിലാണ് എന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസം​ഗം. കിഴക്കൻ യു.പിയിലെ ​ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യകാർമ്മികനാണ് യോ​ഗി ആദിത്യനാഥ്.

അരമണിക്കൂറോളം സമയം യോ​ഗി ആദിത്യനാഥ് ഹനുമാൻ സ്തുതികൾ ഉരുവിട്ട് ക്ഷേത്രത്തിലിരുന്നു.
മാത്രമല്ല, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഒരു പുഞ്ചിരി കൊണ്ടാണ് ആദിത്യനാഥ് മറുപടി നൽകിയത്. 72 മണിക്കൂറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാൻ കമ്മീഷൻ യോ​ഗി ആദിത്യനാഥിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് യോ​ഗി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിക്ഷാനടപടിക്ക് വിധേയനാകുന്നത്.